പോർട്ടറുടെ വേഷത്തിലെത്തി ട്രോളിബാഗ്‌ തട്ടിയെടുത്തയാൾ പിടിയിൽ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

#ന്യൂസ് ഡെസ്ക്
പോർട്ടർവേഷത്തിലെത്തിയയാൾ പോലീസ് കസ്റ്റഡിയിൽ
പോർട്ടർവേഷത്തിലെത്തിയയാൾ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ : വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരിയുടെ ട്രോളിബാഗ് 'പോർട്ടർ' വേഷത്തിലെത്തിയ ആൾ മോഷ്ടിച്ചു. യാത്രക്കാരി സീറ്റിൽ ഇരുന്നിട്ടും പിന്നാലെവന്ന 'പോർട്ടറും' ബാഗും വണ്ടിയിലെത്തിയില്ല. തീവണ്ടി പുറപ്പെട്ടപ്പോഴാണ് യാത്രക്കാരിക്ക് ബാഗ് മോഷണം പോയത് മനസ്സിലായത്. ഉടൻ ഓടുന്ന വണ്ടിയിൽനിന്ന് ആർ.പി.എഫിനെ വിവരം അറിയിച്ചു. മണിക്കൂറിനകം കണ്ണൂർ റെയിൽവേ പോലീസും ആർ.പി.എഫും 'പോർട്ടറെയും' ബാഗും പിടിച്ചു. ഉളിക്കൽ മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് (20633) യാത്രക്കാരിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു ഈ അനുഭവം. കണ്ണൂരിലെ റെയിൽവേ പോർട്ടർമാരുടെ വേഷം ചുവന്ന നിറത്തിലുള്ളതാണ്. അതുപോലുള്ള ടീഷർട്ട് ധരിച്ചെത്തിയ ആളാണ് പോർട്ടർ എന്ന് പരിചയപ്പെടുത്തി ട്രോളി ബാഗ് വണ്ടിയിൽ എത്തിക്കാൻ 'സഹായിച്ചത്'.

പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ പ്രതി ബാഗുമായി ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലേക്ക്‌ പോകുന്നത് കണ്ടു. തുടർന്ന് നടന്ന പരിശോധനയിലാണ്‌ പിടിയിലായത്‌. റെയിൽവേ പോലീസ് എസ്.ഐ. പി.കെ. സന്തോഷ്, ആർ.പി.എഫ്.എ. എസ്.ഐ. സഞ്ജയ് കുമാർ, എൻ.പി. ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.

Content Highlights: A passenger's trolley bag was stolen on Vande Bharat Express (20633) at Kannur station., The suspect disguised himself as an official porter by wearing a red t-shirt., The perpetrator, Shijo Thomas, was identified via CCTV footage and arrested by RPF and Railway Police., The incident highlights the importance of verifying porter credentials at railway stations.