ചിരി മാഞ്ഞു, ചിത്രം ബാക്കിയായി; സങ്കടക്കടലായി പാങ്ങ് സ്കൂൾ, ആകർഷകംപോലെ അപകടവുമാണ് വാൽപ്പാറ ചുരം പാത

തൃശ്ശൂർ: കളിചിരികളോടെ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്‌കൂളിൽനിന്ന് പുറപ്പെട്ട ആ വിനോദയാത്ര ഇത്രമേൽ വലിയൊരു നോവായി മാറുമെന്ന് ആരും കരുതിയതല്ല. അതിരപ്പിള്ളിയുടെ വന്യഭംഗിയും വാഴച്ചാലിന്റെ കുളിർമയും ആസ്വദിച്ച്, മലക്കപ്പാറയിലെ കാനനപാതയിലൂടെ വാൽപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. അധ്യാപകരും മക്കളും സ്‌കൂളിലെ പാചകക്കാരിയും അടങ്ങുന്ന സംഘത്തിന്റെ യാത്ര ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പലരുടെയും മരണയാത്രയായി അത് അവസാനിച്ചു.
നോവായി ആ ചിത്രങ്ങൾ...
യാത്രയുടെ തുടക്കത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുനിന്ന് അവർ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ സങ്കടകരമായ ഓർമകളായി അവശേഷിക്കുന്നു. കാടിന്റെ മനോഹാരിതയും വാൽപ്പാറയിലെ 40 ഹെയർപിൻ വളവുകളും കടന്ന് പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, വിധി അവർക്കായി കാത്തുവെച്ചത് മറ്റൊരു വഴിയായിരുന്നു.
വളാഞ്ചേരി പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്‌കൂളിനും ആ നാടിനും ഇനി ഈ അധ്യാപകരും അവരുടെ പ്രിയപ്പെട്ടവരും നോവാർന്ന ഓർമ മാത്രം. വേനലവധിക്കാലവും വിഷുവും പ്രമാണിച്ച് കിട്ടിയ ഒഴിവുവേള ആസ്വാദ്യകരമാക്കാൻ അധ്യാപകർ നടത്തിയ യാത്രയായിരുന്നു ഇത്. കൂട്ടത്തിൽ ഒരു അധ്യാപിക മാത്രമാണ് പോവാതിരുന്നതെന്ന് നാട്ടുകാരിൽ ഒരാൾ പറയുന്നു.
ആകർഷകംപോലെത്തന്നെ അപകടവും
പ്രകൃതിഭംഗികൊണ്ട് എത്രമേൽ ആകർഷകമാണോ അത്രമേൽതന്നെ അപകടവും നിറഞ്ഞതാണ് 60 കിലോമീറ്ററോളം നീണ്ട ഈ പാത. 40 ഹെയർപിൻ വളവുകളുള്ള ഈ ചുരത്തിലെ ഓരോ വളവിലും അതീവ ജാഗ്രതയോടെയല്ലാതെ വാഹനമോടിക്കാനാവില്ല. ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് ഒരുതവണകൊണ്ട് തിരിക്കാൻ പ്രയാസമുള്ള ഒട്ടേറെ വളവുകൾ ഈ പാതയിലുണ്ട്. നിയന്ത്രണം വിട്ടാൽ അഗാധമായ താഴ്ച്ചയിലേക്കാണ് വാഹനം പതിക്കുക എന്നത് യാത്രയെ ഭയാനകമാക്കുന്നതാണ്.
ആനമല ടൈഗർ റിസർവിന്റെ ഭാഗമായതിനാൽ ഇതുവഴി പോകുമ്പോൾ വന്യമൃഗങ്ങളെക്കൂടി പേടിക്കണം. രാത്രികാലങ്ങളിലും പുലർച്ചെയും കാട്ടാനകളുടെ സാന്നിധ്യവും പതിവാണ്. ജനവാസമില്ലാത്ത ഈ മേഖല വിനോദ സഞ്ചാരികളുടെ പ്രധാന പാതയാണ്.
Content Highlights: Tragic accident involving a school group from Malappuram on the Valparai route