വാൽപ്പാറ അപകടം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി, കുടുംബങ്ങൾക്ക് സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്ക്
നരേന്ദ്രമോദി, പിണറായി വിജയൻ | Photo: ANI, Mathrubhumi
നരേന്ദ്രമോദി, പിണറായി വിജയൻ | Photo: ANI, Mathrubhumi

ന്യൂഡൽഹി: തമിഴ്നാട്ടിലെ വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദയാത്ര സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വാർത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്കായി പ്രാർഥിക്കുന്നതായും ഓഫീസ് അറിയിച്ചു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം സ്വദേശികളായ അധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത് എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്. വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

അപകടത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. ശിവൻകുട്ടി ഇന്ന് രാത്രിയോടെ പൊള്ളാച്ചിയിലേക്ക് തിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.