മറുകരയിലേക്ക് നീന്തുന്നതിനിടെ കുഴഞ്ഞുപോയി; സുഹൃത്തിനോടൊപ്പം ആറ്റില്‍ നീന്തിയ യുവാവ് മുങ്ങിമരിച്ചു

ദേവപ്രകാശ്
ദേവപ്രകാശ്

വൈക്കം: സുഹൃത്തിനോടൊപ്പം ഇത്തിപ്പുഴയാറ്റില്‍ നീന്തിയ യുവാവ് മുങ്ങിമരിച്ചു. വൈക്കം ചാലപ്പറമ്പ് വൈഷ്ണവം(മൂലയില്‍) വീട്ടില്‍ ദേവപ്രകാശ്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.30-ന് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് മാലിയേല്‍കടവിലായിരുന്നു സംഭവം.

സുഹൃത്തുക്കളും വൈക്കം സ്വദേശികളുമായ ഷിഫാന്‍, രാഹുല്‍, ആദര്‍ശ്, ഹരി എന്നിവരോടൊപ്പമാണ് ദേവപ്രകാശ് കടവില്‍ കുളിക്കാന്‍ എത്തിയത്. ഹരിയുടെ വീട്ടിലെ ശൗചാലയനിര്‍മാണത്തിന് ശേഷമാണ് ഇവര്‍ ഇവിടെ എത്തിയത്. അഞ്ച് പേരും ആറ്റില്‍ ഇറങ്ങി കുളിച്ചു. ഇതിനിടെ ദേവപ്രകാശും ആദര്‍ശും മറുകരയിലേക്ക് നീന്തി. നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞ് വെള്ളത്തിലേക്ക് മുങ്ങിപോകുകയായിരുന്നു.

ആദര്‍ശ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവര്‍ വൈക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന എത്തി നടത്തിയ തിരച്ചിലില്‍ ദേവപ്രകാശിനെ കണ്ടെത്തി. ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: പരേതനായ ജയപ്രകാശ്. അമ്മ: ബിന്ദു. സഹോദരി: അനഘ.

Content Highlights: 24-year-old drowned while swimming in the Ithipuzha