കടത്തനാട് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പും ഇബ്രാഹിം ഹാജിയുടെ മരണവും: മൂന്ന് കേസും ക്രൈംബ്രാഞ്ചിന്

വടകര: കടത്തനാട് ലേബർകോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പും നിക്ഷേപകൻ ഇബ്രാഹിംഹാജിയുടെ മരണവും ഉൾപ്പെടെയുള്ള കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു. കോഴിക്കോട് റൂറൽ കൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മനോഹരന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വിവിധ രേഖകൾ കസ്റ്റഡിയിലെടുത്തശേഷം ഓഫീസ് പൂട്ടി സീൽചെയ്തു. ആകെ മൂന്നുകേസുകളാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഇബ്രാഹിംഹാജിയുടെ അസ്വാഭാവികമരണം, കടത്തനാട് സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെക്കിട്ടിയില്ലെന്ന് കാണിച്ച് ഇബ്രാഹിംഹാജി നൽകിയ പരാതിപ്രകാരം ഈ വർഷം ജനുവരിയിൽ വടകര പോലീസ് രജിസ്റ്റർചെയ്ത കേസ്, 2025 ഡിസംബറിൽ സഹകരണവകുപ്പ് കോഴിക്കോട് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നൽകിയ പരാതിയിൽ സംഘത്തിനെതിരേ വടകര പോലീസ് രജിസ്റ്റർചെയ്ത കേസ് എന്നിവയാണിത്. ഇതിൽ സഹകരണവകുപ്പിന്റെ പരാതിയിലെടുത്ത കേസ് നേരത്തേ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിൽ അന്വേഷണം തുടങ്ങാനിരിക്കെയാണ് ഇബ്രാഹിംഹാജി മരിക്കുന്നതും നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്താകുന്നതും. ഇതോടെ മൂന്നുകേസും ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണം തുടങ്ങിയതിനുപിന്നാലെ ബുധനാഴ്ച ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം വടകര മുനിസിപ്പൽ പാർക്ക് റോഡിലെ ഓഫീസിലെത്തി വിവിധരേഖകൾ കസ്റ്റഡിയിലെടുത്തു. ഓഡിറ്റ് റിപ്പോർട്ടിലെയും ഇബ്രാഹിംഹാജിയുടെ പരാതിയിലെയും ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളാണ് ക്രൈംബ്രാഞ്ച് തേടുന്നത്.
ഓഫീസ് ലെഡ്ജർ, വൗച്ചറുകൾ, കാഷ് ബുക്ക്, വർക്ക് രജിസ്റ്റർ, സ്ഥിരനിക്ഷേപ ബോണ്ടുകൾ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, പലിശ നൽകിയ വിവരങ്ങൾ എന്നിവയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത് വിശദമായി പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. ഇബ്രാഹിംഹാജിയുടെ മരണത്തിൽ നിലവിൽ അസ്വാഭാവികമരണത്തിനാണ് കേസ്. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകൾ ചേർക്കും. രണ്ടുകേസുകളിൽ നിലവിൽ സംഘത്തിന്റെ ഡയറക്ടർമാരും സെക്രട്ടറിയും ഉൾപ്പെടെ പ്രതികളാണ്. ഇവരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യും. ഇബ്രാഹിംഹാജി താമസിച്ച സ്ഥലത്തും അടുത്തദിവസം പരിശോധന നടത്തും.
Content Highlights: Three major cases linked to Kadathanad Labour Contract Co-operative Society transferred to Crime Branch., Investigation includes the unnatural death of investor Ibrahim Haji and financial fraud complaints., Crime Branch has sealed the society office and seized key financial ledgers and records., Directors and the secretary of the society are under investigation and face upcoming interrogation.