ജില്ലാ കമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കി; വടകരയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

പി.കെ ദിവാകരന്‍/  വടകരയില്‍ നടന്ന പ്രതിഷേധം | Photo: Special Arrangement
പി.കെ ദിവാകരന്‍/ വടകരയില്‍ നടന്ന പ്രതിഷേധം | Photo: Special Arrangement

കോഴിക്കോട്: സി.പി.എം ജില്ലാ കമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെ വടകരയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. മണിയൂര്‍ തുറശ്ശേരി മുക്കില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ പ്രതിഷേധ പ്രകടനം നടത്തി. 

പാര്‍ട്ടിയില്‍ തോന്നിയപോലെ തീരുമാനമെടുക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റും വടകര ഏരിയ സെക്രട്ടറിയും ആയിരുന്നു പി.കെ ദിവാകരന്‍. 

വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പി.കെ ദിവാകരന്‍ ഉള്‍പ്പെടെ 11 പേരെ ഒഴിവാക്കുകയും 13 പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ വിമര്‍ശിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാ അധ്യക്ഷ കെ.പി ബിന്ദുവിനെ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി.
 

Content Highlights: vadakara cpm party members protest