കേന്ദ്രഫണ്ട് വിനിയോഗിച്ചില്ല; നഗരദാരിദ്ര്യനിർമാർജനത്തിനുള്ള 35.59 കോടി രൂപ കേരളം തിരിച്ചടയ്ക്കുന്നു

കൊല്ലം: നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും ദാരിദ്ര്യനിർമാർജന-ഭവന പദ്ധതികൾക്കായി കേന്ദ്രം അനുവദിച്ച 35,59,77,005 രൂപ സംസ്ഥാനം ചെലവഴിക്കാതെ തിരിച്ചടയ്ക്കുന്നു. നഗരങ്ങളിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനുള്ള ബി.എസ്.യു.പി. (ബേസിക് സർവീസസ് ടു ദി അർബൻ പുവർ), ചേരിനിവാസികളുടെ പുനരധിവാസത്തിനായുള്ള ഐ.എച്ച്.എസ്.ഡി.പി. (ഇന്റഗ്രേറ്റഡ് ഹൗസിങ് ആൻഡ് സ്ലം ഡിവലപ്മെന്റ് പ്രോഗ്രാം) എന്നീ പദ്ധതികളിലെ പണമാണ് തിരിച്ചടയ്ക്കുന്നത്. പണം സംസ്ഥാനത്തിന്റെ ഖജനാവിൽ എത്തിയിട്ടുണ്ടെങ്കിലും നിർവഹണ ഏജൻസിയായ കുടുംബശ്രീയെ അറിയിക്കുകയോ ബജറ്റ് വിഹിതമായി ഈ തുക കൈമാറുകയോ ചെയ്തില്ലെന്ന് ധനകാര്യവകുപ്പുമായി ചേർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
2010-11, 2014-15 സാമ്പത്തികവർഷങ്ങളിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം അനുവദിച്ച തുകയാണിത്. ഇതിന്റെ വിവിധ ഗഡുക്കളുടെ വിനിയോഗ സാക്ഷ്യപത്രം കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് ഈ തുക കുടുംബശ്രീ സ്റ്റേറ്റ് മിഷന്റെ അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ സർക്കാരിനെ അറിയിച്ചത്. അവലോകനയോഗങ്ങളിലോ ഓരോ സാമ്പത്തികവർഷാവസാനവും നടത്തേണ്ട ഓഡിറ്റിങ്ങിലോ ഇത്രയും വലിയ തുക ചെലവഴിക്കാതെ കിടക്കുന്നത് കണ്ടെത്താൻ സാധിച്ചില്ല.
കേന്ദ്രപദ്ധതികൾക്ക് കീഴിൽ നാല് തവണയായാണ് തുക അനുവദിച്ചിരുന്നത്. ഇതിൽ നഗരങ്ങളിലെ ചേരി, ഉപജീവന സർവേയ്ക്കായി 40,005 രൂപ അനുവദിച്ചതുമാത്രമാണ് 2010-11ലെ ഉപയോഗിക്കാത്ത വിഹിതം. ബാക്കി തുക മൂന്നു തവണകളും 2014-15ലേതാണ്. ഐ.എച്ച്.എസ്.ഡി.പി. അധിക കേന്ദ്രസഹായമായാണ് 19,57,93,000 രൂപയും 1,54,79,000 രൂപയും അനുവദിച്ചത്. ബി.എസ്.യു.പി. പദ്ധതിയുടെ കേന്ദ്രവിഹിതമാണ് 14,46,65,000 രൂപ.
ഈ തുക തനത് ഫണ്ടിൽനിന്നോ മറ്റ് ഫണ്ടുകളിൽനിന്നോ ചെലവഴിച്ചിട്ടുണ്ടെങ്കിൽ ഉടൻതന്നെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് കുടുംബശ്രീയോട് നിർദേശിച്ചിട്ടുണ്ട്. ചെലവഴിക്കാത്ത കേന്ദ്രവിഹിതം തിരികെ അടച്ചില്ലെങ്കിൽ, ഭാവിയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിൽനിന്ന് ഈ തുക കുറവ് വരുത്തും.
കൂടാതെ, കേന്ദ്രാവിഷ്കൃതപദ്ധതി ഇനത്തിൽ കുടുംബശ്രീയുടെ അക്കൗണ്ടിൽ അവശേഷിക്കുന്ന 116 കോടി രൂപ സംബന്ധിച്ചും തദ്ദേശവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ തുക ചെലവഴിച്ചില്ലെങ്കിൽ, ഭാവിയിൽ കേന്ദ്രം വരുത്തുന്ന കുറവ്, കുടുംബശ്രീയുടെ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ കുറയ്ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
Content Highlights: Kerala is surrendering Rs 35.59 crore in unspent central funds allocated for urban poverty alleviation and housing schemes like BSUP and IHSDP after state audit revealed the funds were never transferred to Kudumbashree.