'പി ടീ,ദേ.... കാപ്പൻ ചേട്ടൻ വരുന്നു,നിങ്ങൾ ഇനിയും പരസ്പരം തുണയാവുക'

#ന്യൂസ് ഡെസ്ക്
ഡിജോ കാപ്പനും ഉമാ തോമസും, പി.ടി.തോമസ്
ഡിജോ കാപ്പനും ഉമാ തോമസും, പി.ടി.തോമസ്

കൊച്ചി:അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പനെ കുറിച്ച് ഹൃദയസ്പർശിയായ പ്രതികരണവുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. ഭർത്താവും മുൻ എംഎൽഎയുമായ പി.ടി.തോമസിന്റെ ആത്മ സുഹൃത്ത് കൂടിയായിരുന്നു ഡിജോ കാപ്പൻ. ഫെയ്‌സ്ബുക്കിലൂടെയാണ് ഉമാ തോമസ് പ്രതികരണം പങ്കിട്ടത്. പി.ടി.തോമസ് തന്റെ അവസാന അഭിലാഷം പങ്കുവെച്ചത് ഡിജോ കാപ്പനോടായിരുന്നുവെന്നും ഉമാ തോമസ് കുറിച്ചു.

അപകടത്തിൽ പരിക്കേറ്റ് പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഡിജോ കാപ്പൻ മരിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സാധാരണക്കാരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്ന അദ്ദേഹം സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ട്രസ്റ്റിയായിരുന്നു.

ഉമാ തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം..

കാപ്പൻ ചേട്ടൻ പോയി..

എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.

വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.

ചെരിപ്പ് ആക്‌സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.

ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ

തളർന്നു കിടന്നത്.

ജീവിതത്തിലുടനീളം

പി ടിയുടെ തുണയായിരുന്നയാൾ.

തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്.

ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.

പി ടീ,

ദേ.... കാപ്പൻ ചേട്ടൻ വരുന്നു..

നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..

Content Highlights: Dijo Kappan passed away after a seven-month battle following a road accident., Uma Thomas highlights the deep bond between Dijo Kappan and late MLA PT Thomas.