ഉമാ തോമസ് സൗഖ്യം നേടുമ്പോൾ പുഞ്ചിരിയോടെ ഒരു ഡോക്ടർ...

കൊച്ചി: ‘‘24 വർഷത്തെ എന്റെ തൊഴിൽജീവിതത്തിൽ ഏറ്റവും മാനസിക സമ്മർദം നിറഞ്ഞ കാലങ്ങളിലൊന്നായിരുന്നു ഈ ജനുവരി. എല്ലാത്തിനുമൊടുവിൽ പുഞ്ചിരി തെളിയുന്നത് ഡോക്ടറെന്ന നിലയിൽ ആഹ്ളാദകരമാണ്.’’ റിനൈ മെഡിസിറ്റിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറയുന്നു.
കലൂർ സ്റ്റേഡിയത്തിലെ ഉയരമുള്ള ഉദ്ഘാടന വേദിയിൽ നിന്നുംവീണ ഉമാ തോമസ് എം.എൽ.എ. അവിശ്വസനീയമായാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കുറച്ചുദിവസങ്ങൾക്കുള്ളിൽ ഉമാ തോമസിന് വീട്ടിൽ പോകാനാകും. ആറ് ആഴ്ചയോളം വിശ്രമം വേണം.
‘‘ 29-ന് സന്ധ്യയ്ക്ക് ഉമാ തോമസിനെ എത്തിച്ചപ്പോൾതന്നെ സി.ടി. സ്കാൻ എടുത്തു. വലത് കൺപോളയിൽ പരിക്കിന് പ്ലാസ്റ്റിക് സർജറി ചെയ്തു. കണ്ണ് ഇപ്പോൾ 45 ശതമാനം ശരിയായി. ഐ മസാജ് തുടരുന്നുണ്ട്. നെറുക ഭാഗത്തായി തലയോട്ടിയിൽ നല്ല പൊട്ടലുണ്ടായിരുന്നു. അവിടെനിന്നുള്ള ചോര ശ്വാസകോശത്തിലുമെത്തിയിരുന്നു. അത് ബ്രോങ്കോസ്കോപ്പിചെയ്ത് നീക്കി. അപ്പോഴേയ്ക്കും പുലർച്ചെ രണ്ടുമണിയായിരുന്നു.’’-ഡോ. കൃഷ്ണനുണ്ണി പറഞ്ഞു.
വലിയ ആഘാതത്തിലാണ് ഒന്നാംവാരിയെല്ല് പൊട്ടുക. ശ്വാസകോശത്തിൽ വാരിയെല്ലുകൾ തട്ടിയുള്ള പരിക്കുകളുമുണ്ടായിരുന്നു. പരിക്കുകളെല്ലാം ഇപ്പോൾ ഭേദമാകുന്നു. ശരീരവേദന കുറഞ്ഞു. മൂന്നാംദിവസം വെന്റിലേഷനും സെഡേഷനും കറച്ചുകൊണ്ടുവന്നശേഷം ഉമാ തോമസ് പതിയെ പ്രതികരിക്കാൻ തുടങ്ങി. രണ്ടു ദിവസംകൂടി കഴിഞ്ഞാണ് വെന്റിലേറ്ററിൽനിന്ന് മാറ്റിയത്. ഒൻപതാം തീയതി ഐ.സി.യു.വിൽനിന്ന് മുറിയിലേക്ക് കൊണ്ടുവന്നു.
17-ന് എന്റെ കൈപിടിച്ചാണ് അവർ നടന്നു തുടങ്ങിയത്. ചികിത്സിച്ച ഞാനുൾപ്പെടെ എല്ലാ ഡോക്ടർമാർക്കും അത് ആഹ്ളാദനിമിഷമായിരുന്നു. ഇപ്പോൾ മരുന്നുകൾ കുറച്ചേയുള്ളു. ഫിസിയോ തെറപ്പി, റെസ്പിറേറ്ററി തെറപ്പി, ഒക്കുപ്പേഷണൽ തെറപ്പി, സൈക്കോളജിക്കൽ തെറപ്പി എന്നിവ ചെയ്യുന്നുണ്ട്.
Content Highlights: uma thomas MLA recovery from kaloor stadium accident, doctor Krishnanunni Polakulath