തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങാൻ യു. ഷറഫലി; സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ അമരത്ത് ഇനി വി.പി. സാനു

#ന്യൂസ് ഡെസ്ക്
വി.പി. സാനു, യു. ഷറഫലി | Photo: mathrubhumi
വി.പി. സാനു, യു. ഷറഫലി | Photo: mathrubhumi

മലപ്പുറം: സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ ജേഴ്സി അഴിച്ച് തിരഞ്ഞെടുപ്പിന്റെ വലിയ കളത്തിൽ പോരാട്ടത്തിനിറങ്ങുകയാണ് യു. ഷറഫലി. പകരം വി.പി. സാനു സ്‌പോർട്‌സ് കൗൺസിലിന്റെ അമരത്തേക്കും. അരീക്കോട്ടുകാരനായ യു. ഷറഫലിക്കു ശേഷം വളാഞ്ചേരിക്കാരനായ സാനു വരുന്നതിൽ ജില്ലയ്ക്കും അഭിമാനം.

2023-ലാണ് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഷറഫലി സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയകുകയാണ് ഷറഫലി.

സംസ്ഥാന സർക്കാരാണ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിനെ നോമിനേറ്റ്ചെയ്യുക. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗമായ സാനു തവനൂർ മണ്ഡലത്തിൽനിന്ന് ജനവിധിതേടുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ബാലസംഘം പ്രവർത്തനത്തിലൂടെയാണ് വി.പി. സാനു രാഷ്‌ട്രീയജീവിതം തുടങ്ങിയത്. ബാലസംഘം ജില്ലാ പ്രസിഡന്റായും സംസ്ഥാനകമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പഠനകാലത്ത് എസ്.എഫ്.ഐ. അംഗമായി. വളാഞ്ചേരി ഏരിയാ സെക്രട്ടറി, ജില്ലാ അധ്യക്ഷൻ, സംസ്ഥാന അധ്യക്ഷൻ, ദേശീയ അധ്യക്ഷൻ എന്നീ നിലകളിലേക്കു വളർന്നു. 2019, 2021 വർഷങ്ങളിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയിരുന്നു. മുസ്‍ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയിച്ചത്. സാനുവിന്റെ പിതാവ് വി.പി. സക്കറിയ 1991-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ചിരുന്നു.

വി.പി. സക്കറിയ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറിയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. മാതാവ്: റംല.

വ്യക്തിബന്ധങ്ങളും ഫുട്ബോളും ഷറഫലിയെ തുണയ്ക്കുമോ...

നിലമ്പൂരിൽ സി.പി.എം. സ്വാതന്ത്ര സ്ഥാനാർഥിയായി ഷറഫലി മത്സരിക്കുന്നതിൽ ഔദ്യോഗിക പ്രഖ്യാപനമാണ് വരാനുള്ളത്. കഴിഞ്ഞവർഷം പി.വി. അൻവർ എം.എൽ.എ. പദവി രാജിവെച്ചതിനെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ആദ്യഘട്ടത്തിലെ സ്ഥാനാർഥിപ്പട്ടികയിൽ ഷറഫലിയുടെ പേരുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന നേതാവിനെ മത്സരിപ്പിക്കണമെന്ന പാർട്ടി തീരുമാനത്തിൽ സെക്രട്ടേറിയറ്റംഗം എം. സ്വരാജിനെ രംഗത്തിറക്കുകയായിരുന്നു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് കോൺഗ്രസിന്റെ ആര്യാടൻ ഷൗക്കത്ത് ജയിച്ചത്. എൽ.ഡി.എഫിന് 66,660 വോട്ടായിരുന്നു.

അരീക്കോട്ടുകാരനായ ഷറഫലിയെ എറനാട്ടിൽ സ്ഥാനാർഥിയാക്കുമെന്നാണ് ആദ്യം കേട്ടത്. ഏറനാട് സി.പി.ഐ. മണ്ഡലമായതിനാൽ സി.പി.എം. സീറ്റായ നിലമ്പൂരിലേക്ക് പരിഗണിച്ചു.

എം.എസ്.പി.യിൽ 12 വർഷം അസിസ്റ്റന്റ് കമൻഡാന്റും നാലുവർഷം കമൻഡാന്റുമായിരുന്നു ഷറഫലി. സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. നിലമ്പൂരിലെ ഷറഫലിയുടെ കുടുംബബന്ധങ്ങളും സുഹൃദ്‌ബന്ധങ്ങളും പാർട്ടിയുടെ സംഘടനാസംവിധാനവുംകൊണ്ട് ഇത്തവണ ജയിച്ചുകയറാമെന്നാണ് സി.പി.എം. കണക്കുകൂട്ടൽ. കായികരംഗത്തെ ഇടപെടൽ ഗുണമാകുമെന്ന പ്രതീക്ഷയുമുണ്ട്. യു.ഡി.എഫിനായി ആര്യടൻ ഷൗക്കത്ത് തന്നെയാകും കളത്തിലിറങ്ങുക.

Content Highlights: U. Sharafali resigns from Sports Council Presidency to run as an LDF candidate in Nilambur., V.P. Sanu, a prominent CPM leader, is set to lead the Kerala Sports Council., Sharafali leverages his sports background and local influence for the Nilambur constituency., Detailed background on V.P. Sanu's political career and previous electoral attempts.