മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതെന്ന് സംശയം, പറമ്പിക്കുളത്ത്‌ രണ്ടുവയസ്സുകാരൻ മരിച്ചു

മണികണ്ഠൻ
മണികണ്ഠൻ

കൊല്ലങ്കോട് : മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട രണ്ടുവയസ്സുകാരൻ മരിച്ചു. പറമ്പിക്കുളം തേക്കടി മുപ്പതേക്കർ ഉന്നതിയിൽ നന്ദകുമാറിന്റെയും  ഉമാക്കുട്ടിയുടെയും മകൻ മണികണ്ഠനാണ് ശനിയാഴ്ചരാത്രി മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഭക്ഷണം കഴിച്ച് അമ്മയ്‌ക്കൊപ്പം ഉറങ്ങാൻകിടന്ന കുട്ടി പതിനൊന്നുമണിയോടെ ചുമയ്ക്കാൻ തുടങ്ങി. കുട്ടി കരഞ്ഞപ്പോൾ പതിവുപോലെ അമ്മ പാലുകൊടുത്തു.

പാൽ കുടിക്കുന്നതിനിടെ കുട്ടിക്ക് പെട്ടെന്ന് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. കുറച്ചുസമയത്തിനകം കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഏറെ പണിപ്പെട്ട് ഒരു  ജീപ്പ് സംഘടിപ്പിച്ച് പരിസരവാസികളുടെ സഹായത്തോടെ കുട്ടിയെ സേത്തുമടയിലുള്ള ഗവ. ആശുപത്രിയിലെത്തിക്കയായിരുന്നു.  ഡോക്ടർ പരിശോധിക്കുമ്പോഴേക്ക് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ തിരികെ കുട്ടിയുടെ മൃതദേഹവുമായി രക്ഷതാക്കളും കൂടെയുള്ളവരും വീട്ടിലേക്കുതന്നെ  പോവുകയായിരുന്നു.

ഞായറാഴ്ചരാവിലെ പൾസ്‌ പോളിയോ പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകരാണ് കുട്ടിയുടെ മരണവിവരം പറമ്പിക്കുളം ആശുപത്രിയിൽ അറിയിച്ചത്. തുടർന്ന്, ഡോക്ടർ പോലീസിന് സന്ദേശം കൈമാറുകയും സ്ഥലത്തെത്തിയ പറമ്പിക്കുളം പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. തിങ്കളാഴ്ച പോസ്റ്റുമോർട്ടം കഴിഞ്ഞാലേ കുട്ടിയുടെ കൃത്യമായ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. 

Content Highlights: A two-year-old boy named Manikandan passed away in Kollangode., The child experienced breathing difficulties and lost consciousness while breastfeeding., He was taken to Sethumadai Government Hospital, where doctors confirmed his death., Police shifted the body to Palakkad District Hospital mortuary for post-mortem analysis.