മലപ്പുറത്ത് സഹോദരങ്ങളായ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ

മലപ്പുറം: അരീക്കോട്ട് ഉപയോഗശൂന്യമായ കുളത്തിൽ രണ്ട് കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവനൂർ ഇരിവേറ്റിയിൽ ചാത്തൻപാറയിലാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിയായ ബാവയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്.
ഇവരുടെ കുടുംബം ഇരിവേറ്റിയിലാണ് വർഷങ്ങളായി താമസം. വ്യാഴാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം പുറത്തുപോയ കൂട്ടികൾ വൈകീട്ട് ആറു മണിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. കുട്ടികളെ പരിസരത്തെങ്ങും കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇരിവേറ്റി വാട്ടർ അതോറിറ്റി ഓഫീസിന് സമീപത്തെ റോഡരികിലുള്ള കുളത്തിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: Two children drowned in an abandoned pond in Irivetti, Malappuram., Victims were siblings Afiya and Afnan, children of Bava., Children were missing since Thursday evening after returning from school., Bodies discovered by locals and relatives near the Water Authority office., Post-mortem conducted at Manjeri Government Medical College Hospital.