'പേടി തോന്നിയില്ല, യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ എത്രയുംവേഗം യാത്ര തുടരണമെന്നായിരുന്നു മനസ്സിൽ'

ബെൻ തമ്പി
ബെൻ തമ്പി

യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതോടെ ആലുവ റെയില്‍പ്പാലത്തില്‍ നിന്നുപോയ തീവണ്ടിയുടെ പ്രഷര്‍ വാല്‍വ് സാഹസികമായി പുനഃസ്ഥാപിച്ച ടിക്കറ്റ് പരിശോധകന്‍ ബെന്‍ തമ്പിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ യാത്ര എത്രയും വേഗം പുനരാരംഭിക്കണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാമതൊന്ന് ചിന്തിക്കാതെ ബെന്‍ പാളത്തിലേയ്ക്ക് ചാടിയിറങ്ങിയത്. ഔദ്യോഗിക വേഷം അഴിച്ചുവെച്ച് രണ്ട് കോച്ചുകള്‍ക്കിടയിലൂടെ (വെസ്റ്റിബൂള്‍ വഴി) ബെന്‍ സാഹസികമായി ഇറങ്ങി വാല്‍വ് സാധാരണ നിലയിലാക്കി. 10 മിനിറ്റിനുശേഷം യാത്ര പുനഃരാരംഭിക്കുകയും ചെയ്തു. കോട്ടയം സ്വദേശിയായ ബെന്നിന്റെ പ്രവൃത്തിക്ക് കൈയടിയുമായി എത്തുകയാണ് സോഷ്യല്‍മീഡിയയും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥനായ ബെന്‍ തന്റെ അനുഭവം മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു.

'ട്രെയിന്‍ നിന്നപ്പോള്‍ ഞാന്‍ മറ്റൊരു കോച്ചിലായിരുന്നു. എസി കോച്ചിലെ ചങ്ങലയാണ് യാത്രക്കാരന്‍ വലിച്ചത്. പാലത്തിലാണ് ട്രെയിന്‍ നിന്നതെന്ന് ആദ്യം മനസ്സിലാക്കിയിരുന്നില്ല. ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിയാല്‍ പുറപ്പെടാന്‍ പ്രഷര്‍ വാല്‍വ് വീണ്ടും ബന്ധിപ്പിക്കണം. ഇത് ഗാര്‍ഡിന്റെ ചുമതലയാണ്. എനിക്ക് ഇത് ചെയ്യാന്‍ അനുവാദമില്ല. പാലത്തിന് മുകളിലായതിനാല്‍ ഗാര്‍ഡിന് എത്തിച്ചേരാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.    

പ്രഷര്‍ വാല്‍വ് വീണ്ടും ബന്ധിപ്പിച്ചാല്‍ യാത്ര പുനഃരാരംഭിക്കാന്‍ സാധിക്കുമെന്ന് ലോക്കോ പൈലറ്റ് അറിയിച്ചു. വന്ദേഭാരത് പിറകേ വരുന്നുണ്ടായിരുന്നു. നമ്മുടെ ട്രെയിന്‍ അപ്പോഴെ 10 മിനിറ്റ് ലേറ്റ് ആയിരുന്നു. എത്രയും വേഗം യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ യാത്ര പുനഃരാരംഭിക്കണം എന്നതായിരുന്നു എന്റെ മനസ്സിലെ ചിന്ത. അതുകൊണ്ട് പാലത്തിലിറങ്ങി പ്രഷര്‍ വാല്‍വ് ബന്ധിപ്പിക്കാം എന്ന് തീരുമാനമെടുത്തു. ആ സമയത്ത് പേടിയൊന്നും തോന്നിയിരുന്നില്ല. അപകടകരമായ സാഹചര്യമുണ്ടെന്നും തോന്നിയില്ല.

ലോക്കോ പൈലറ്റിന്റെയും ഗാര്‍ഡിന്റെയും അനുമതി വാങ്ങിയ ശേഷമാണ് ഇറങ്ങിയത്. പാലത്തിന് മുകളിലായതിനാല്‍ വശങ്ങളിലൂടെ  ഇറങ്ങാനാകുമായിരുന്നില്ല. യൂണിഫോം അഴിച്ചുവെച്ചതിന് ശേഷമാണ് രണ്ട് കോച്ചുകള്‍ക്കിടയിലൂടെ ഇറങ്ങി വാല്‍വ് സാധാരണ നിലയിലാക്കി. 10 മിനിറ്റിനുശേഷം യാത്ര പുനഃരാരംഭിക്കാന്‍ സാധിച്ചു. പിടിച്ച് താഴേക്ക് ഇറങ്ങാന്‍ പ്രയാസം തോന്നിയിരുന്നില്ല.

റെയില്‍വേ സര്‍വീസില്‍ കയറിയിട്ട് രണ്ട് കൊല്ലമാകുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. ട്രെയിനിങ് സമയത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള പരിശീലനം കിട്ടിയിട്ടുണ്ട്. ക്ലീനേഴ്‌സ്, ഗാര്‍ഡ് ഒക്കെ ഉള്‍പ്പടെ റെയില്‍വേയില്‍ കഠിനാധ്വാനം ചെയ്യുന്ന ഒരുപാടുപേര്‍ ഉണ്ട്. അവരൊക്കെയാണ് ശരിക്കുമുള്ള ഹീറോസ്. അവരെ നമ്മള്‍ അറിയുന്നില്ലെന്ന് മാത്രം', ബെന്‍ പറഞ്ഞു. 

തിങ്കളാഴ്ച 8.50-നാണ് തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് എസി ചെയര്‍കാറിലെ യാത്രക്കാരന്‍ ചങ്ങല വലിച്ച് നിര്‍ത്തിയത്. ബന്ധുവിന്റെ പാസ്പോര്‍ട്ടും മറ്റും അടങ്ങിയ ബാഗ് ആലുവ സ്റ്റേഷനില്‍വെച്ച് മറന്നുപോയതിനാലാണ് യാത്രക്കാരന്‍ ചങ്ങല വലിച്ചത്.  അനാവശ്യമായി ചങ്ങല വലിച്ചതിന് ആര്‍പിഎഫ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: TTE in Aluva bravely restored a trains emergency chain on a bridge to avoid delays