ലോറി വഴിമാറി ഓടി, നിര്‍മാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളില്‍ കാബിന്‍ കുടുങ്ങി, അപകടം ഒഴിവായി

#സ്വന്തം ലേഖകന്‍
വഴിമാറി ഓടിയ ലോറി. ഫോട്ടോ - മാതൃഭൂമി
വഴിമാറി ഓടിയ ലോറി. ഫോട്ടോ - മാതൃഭൂമി

കരിവെള്ളൂര്‍ (കണ്ണൂര്‍): കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതുകൊണ്ട് വന്‍ അപകടം ഒഴിവായി. ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം.

മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുകയായിരുന്നു ലോറി. കരിവെള്ളൂര്‍ ടൗണില്‍നിന്ന് 150 മീറ്റര്‍ വടക്കു ഭാഗത്തുവെച്ച് സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു പകരം നിര്‍മാണത്തിലിരിക്കുന്ന പുതിയ റോഡിലേക്ക് കയറി. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി തറനിരപ്പില്‍ നിന്നും 10 മീറ്റര്‍ ഉയരത്തിലൂടെയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. അടിപ്പാതയുടെ ഒരു ഭാഗം മണ്ണിട്ട് ഉയര്‍ത്തിയിട്ടുമില്ല. 10 മീറ്ററോളം താഴ്ചയിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പാണ് കാബിന്‍ കുടുങ്ങിയത്. ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയി.

Content Highlights: truck accident in karivallur