ചക്രം കറങ്ങിയില്ല; കേരള എക്സ്പ്രസ് രണ്ടുമണിക്കൂറിലേറെ പിടിച്ചിട്ടു

കോട്ടയം: പാൻട്രി ബോഗിയുടെ ചക്രം കറങ്ങാത്തതിനെത്തുടർന്ന് തിരുവനന്തപുരം-ന്യൂഡൽഹി കെ.കെ.എക്സ്‌പ്രസ് (കേരള എക്സ്പ്രസ്) കോട്ടയത്ത് രണ്ടര മണിക്കൂർ പിടിച്ചിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 4.25-ന് കോട്ടയത്തെത്തിയ വണ്ടി 6.45-ന് കോട്ടയംവിട്ടു.
മൂന്നുമണിക്ക് കോട്ടയത്ത് എത്തേണ്ട തീവണ്ടി, തകരാർമൂലമാണ് വൈകിയോടിയത്. ചക്രം കറങ്ങാതെവന്നതിനെത്തുടർന്ന് കൊല്ലത്ത് തീവണ്ടി പിടിച്ചിട്ടിരുന്നതായി യാത്രക്കാർ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടശേഷമാണ് ചക്രത്തിന്റെ പ്രശ്നം കണ്ടെത്തിയത്. ഇതോടെ വേഗം നിയന്ത്രിച്ചാണ് വണ്ടി വന്നത്. കോട്ടയത്തെത്തിയശേഷം തിരുവനന്തപുരത്തുനിന്ന് മറ്റൊരു പാൻട്രി ബോഗി കൊണ്ടുവന്ന് ഘടിപ്പിച്ചശേഷമാണ് യാത്രതുടർന്നത്.
Content Highlights: Thiruvananthapuram-New Delhi Kerala Express halted for 2 hours at Kottayam as wheel does not turn