ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ പാതിരാത്രി ഊരി കാനയിലിട്ടു; ഉറക്കം നഷ്ടപ്പെട്ട് ജനം

കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര കിടങ്ങ്, വെള്ളക്കിനാക്കൽ ഭാഗങ്ങളിൽ വൈദ്യുതി ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസുകൾ പാതിരാത്രിയിൽ ആരോ ഊരിമാറ്റി. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് കടുത്ത ചൂടും കൊതുകുകടിയും മൂലം ഉറങ്ങാനാകാതെ ദുരിതം അനുഭവിച്ചത്. കാനയിൽ വലിച്ചെറിഞ്ഞിട്ടിരുന്ന ഫ്യൂസുകൾ ഏറെ സമയം കഴിഞ്ഞ് പിന്നീട് വൈദ്യുതി ജീവനക്കാരെത്തി കണ്ടെത്തിയ ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ചില ഫ്യൂസുകൾ പൊട്ടിച്ചിട്ടുമുണ്ടായിരുന്നു.
വെള്ളക്കിനാവ് അമ്പലത്തിനടുത്തുള്ള ട്രാൻസ്ഫോർമറിലെ ഫ്യൂസുകളും, കിടങ്ങ് ഭാഗത്തെ ട്രാൻസ്ഫോർമറിലെ ഫ്യൂസുകളുമാണ് സാമൂഹിക വിരുദ്ധർ ഊരിക്കളഞ്ഞത്. ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം.
ഒൻപത് വീതം ഫ്യൂസുകളാണ് ട്രാൻസ്ഫോർമറുകളിൽ ഉള്ളത്. അതെല്ലാം ഊരി സമീപത്തെ കാനയിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നെന്ന് തൃപ്പൂണിത്തുറ കെ.എസ്.ഇ.ബി. ഓഫീസധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച് അസി. എൻജിനിയർ ത്രിപുടിജയൻ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവമറിഞ്ഞ് പാതിരാത്രിയിൽ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ വൈദ്യുതി ഓഫീസിൽ പരാതിപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രി 12-ന് മുൻപ് വൈദ്യുതി നിലച്ചു. പവർകട്ട് ആയിരിക്കുമെന്നാണ് വിചാരിച്ചത്. സമയം കഴിഞ്ഞിട്ടും വൈദ്യുതി വന്നില്ല. വെള്ളക്കിനാക്കൽ ഭാഗത്ത് ആകെ വൈദ്യുതിയില്ലാത്ത അവസ്ഥയാണെന്ന് അറിഞ്ഞ് വിവരം കെ.എസ്.ഇ.ബി. ഗ്രൂപ്പിൽ അറിയിച്ചു. അപ്പോഴാണ് കിടങ്ങ് ഭാഗത്ത് ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരി കാനയിൽ ഇട്ടിരിക്കുന്നതായി അറിയുന്നത് -വെള്ളക്കിനാക്കൽ ഭാഗത്ത് താമസിക്കുന്ന കൗൺസിലർ രജനിചന്ദ്രൻ പറഞ്ഞു.
അവിടത്തെ പണി കഴിഞ്ഞ് വെള്ളക്കിനാക്കൽ ഭാഗത്ത് വൈദ്യുതി ജീവനക്കാർ എത്തിയപ്പോഴാണ് ഇവിടത്തെ ട്രാൻസ്ഫോർമറിലെ ഫ്യൂസുകളും ഊരി കാനയിൽ ഇട്ടിരിക്കുന്നത് കാണുന്നത്. ബുധനാഴ്ച പുലർച്ചെയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കൗൺസിലർമാരായ ഷീന ഹരീഷ്, വള്ളി മുരളീരൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Content Highlights: Miscreants removed fuses from KSEB transformers in Kannankulangara Kidangu and Vellakinnakal in Tripunithura, throwing them into nearby drains. KSEB officials lodged a police complaint after restoring power on Wednesday.