മരം വീണത് വഞ്ചിനാട് എക്‌സ്പ്രക്‌സ് പോയി നിമിഷങ്ങള്‍ക്കുള്ളിൽ; തീ ആളിപ്പടർന്നു; ഒഴിവായത് വൻദുരന്തം

പോളയത്തോട് റെയില്‍വേ ട്രാക്കിലേക്ക് മരം വീണപ്പോള്‍(ഇടത്ത്) തീവണ്ടിപ്പാളത്തിനു മുകളിലെ വൈദ്യുതലൈനിലേക്ക് മരം പൊട്ടിവീണ് തീ ആളിപ്പടരുന്ന ദൃശ്യം(വലത്ത്)
പോളയത്തോട് റെയില്‍വേ ട്രാക്കിലേക്ക് മരം വീണപ്പോള്‍(ഇടത്ത്) തീവണ്ടിപ്പാളത്തിനു മുകളിലെ വൈദ്യുതലൈനിലേക്ക് മരം പൊട്ടിവീണ് തീ ആളിപ്പടരുന്ന ദൃശ്യം(വലത്ത്)

കൊല്ലം: തീവണ്ടിപ്പാളത്തിലേക്ക് മരം പൊട്ടിവീണ സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. എറണാകുളത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ് കടന്നുപോയി നിമിഷങ്ങള്‍ കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. തൊട്ടുപിന്നാലെ കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ പരവൂരില്‍നിന്ന് കൊല്ലത്തേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടയിലെ സമയത്താണ് മരം ഒടിഞ്ഞുവീണത്.

വഞ്ചിനാട് എക്‌സ്പ്രസ് പോയതിനു പിന്നാലെ കപ്പലണ്ടിമുക്ക് റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടി മാറ്റത്തിനുള്ള ഒരുക്കത്തിലായിരുന്നു ഗേറ്റ്കീപ്പര്‍മാരായ മഹേശ്വരിയും വിനീതയും. മഹേശ്വരി ഇറങ്ങി, വിനീത ഡ്യൂട്ടിക്ക് കയറുകയായിരുന്നു. ഈസമയത്താണ് പോളയത്തോട് ശ്മശാനത്തിനു സമീപം വൈദ്യുതലൈനില്‍ തീപ്പൊരി കണ്ടത്. പെട്ടെന്ന് തീ ആളിപ്പടര്‍ന്നു. പിന്നാലെ മരം പൊട്ടിവീഴുകയും ചെയ്തു.

ഇടയ്ക്കിടെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ടു. വിനീതയും മഹേശ്വരിയും ഉടന്‍തന്നെ സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചു. തീവണ്ടികള്‍ കടന്നുവരാനുള്ള സിഗ്‌നല്‍ നല്‍കിയതുമില്ല. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ എത്താന്‍ മിനിറ്റുകളേ ബാക്കിയുള്ളൂ. സിഗ്‌നല്‍ നല്‍കാത്തതിനാല്‍ ഒന്നരക്കിലോമീറ്റര്‍ അകലെ ഭരണിക്കാവ് ഗേറ്റിനു സമീപം തീവണ്ടി പിടിച്ചിട്ടു. ഇതുമൂലം വലിയ അപകടമാണ് ഒഴിവായത്.

തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരക്കൊമ്പ് വെട്ടിമാറ്റിയത്. കൊല്ലം ഭാഗത്തേക്കുള്ള വൈദ്യുതലൈന്‍ രണ്ടരമണിക്കൂറിനകം പുനഃസ്ഥാപിച്ചു. ഇതുവഴി തീവണ്ടികള്‍ ഭാഗികമായി കടത്തിവിടുകയും ചെയ്തു.

Content Highlights: A tree fell on railway tracks in Kollam, narrowly avoiding a major accident