ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്.ബിജുലാലിനെ സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു.സമ്മറി ഡിസ്മിസല്‍ വ്യവസ്ഥ പ്രകാരം നോട്ടീസ് നല്‍കാതെയാണ് ധനവകുപ്പിന്റെ നടപടി. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരന് ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് നടപടി. പിരിച്ചുവിടലിന്റെ നടപടിക്രമങ്ങള്‍ അഞ്ചു ദിവസത്തിനകം പൂര്‍ത്തിയാക്കും.
വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബിജുലാലിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
ബിജുലാലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. 61.23 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാല്‍ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 20 മുതല്‍ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറിവകുപ്പ് പോലീസില്‍ പരാതി നല്‍കിയത്.
ബിജുലാലിനെ പിരിച്ചുവിട്ട കാര്യം മന്ത്രി തോമസ് ഐസക്കാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 'വഞ്ചിയൂര്‍ ട്രഷറിയിലെ തട്ടിപ്പിന്റെ സൂത്രധാരന്‍ ബിജുലാലിനെ സമ്മറി ഡിസ്മിസലിനു വിധേയനാക്കാന്‍ തീരുമാനിച്ചു. ഫിനാന്‍സ് സെക്രട്ടറി ആര്.കെ. സിംഗും എന്‍ഐസി ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്മിസലിനുള്ള ഉത്തരവിറങ്ങും. വെറുമൊരു ക്രമക്കേടല്ല. ഗുരുതരമായ സൈബര്‍ ക്രൈമാണ് ബിജുലാല്‍ ചെയ്തിട്ടുള്ളതെന്ന് വളരെ വ്യക്തമാണ്.
ധനവകുപ്പിന്റെ മൂന്നു പേരും എന്‍ഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഉണ്ടായ സംഭവങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് നിശ്ചയിക്കുന്നതും നടപടിയെടുക്കുന്നതുമാണ്. ഈ തട്ടിപ്പില്‍ വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കും.
അന്വേഷണവേളയില്‍ തട്ടിപ്പു കണ്ടുപിടിച്ച എസ്.റ്റി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂര്‍ ട്രഷറിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സ്ഥലം മാറ്റുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങള്‍ നല്‍കുന്നതിന് ഇവര്‍ എല്ലാവരും ബാധ്യസ്ഥരായിരിക്കും.
വീണ്ടും ട്രഷറി സോഫ്ടുവെയര് സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കുന്നതാണ്. ഇതിനു പുറമേ ഫംങ്ഷന് ഓഡിറ്റ് നടത്തുന്നതിന് എന്‍ഐസിയുടെയും ട്രഷറി ഐറ്റി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നല്‍കും. സമാനമായ സംഭവങ്ങള്‍ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും' ധനമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Content Highlights: