അടിമുടി ക്രമക്കേട്; സ്വർണ്ണക്കൊള്ളയിൽ മാത്രമൊതുങ്ങില്ല, ദേവസ്വം ബോർഡും ഇഡിയുടെ സംശയനിഴലിൽ

#ന്യൂസ് ഡെസ്ക്
ഉണ്ണികൃഷ്ണന്‍പോറ്റി യുടെയും സഹോദരിയുടെയും വീട്ടിലെ പരിശോധന
ഉണ്ണികൃഷ്ണന്‍പോറ്റി യുടെയും സഹോദരിയുടെയും വീട്ടിലെ പരിശോധന

തിരുവനന്തപുരം: സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പല ഉന്നതരും മുൻ ഭരണസമിതി അംഗങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വലയിൽ കുടുങ്ങുമെന്ന് സൂചന. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങൾ ഇഡി പുറത്തുവിട്ടു. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലാണ് ഇഡിയുടെ റെയ്ഡ്‌.

സ്വർണ്ണക്കൊള്ളയിൽ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്. ദേവസ്വം ബോർഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആഴത്തിലുള്ള അന്വേഷണമുണ്ടാകും.

ഇതിനർഥം മുൻ ഭരണസമിതികളുടെ എല്ലാം ഇടപാടുകൾ അന്വേഷണ പരിധിയിൽ വരും. മാത്രമല്ല, ശബരിമലയിൽ നടന്ന മുൻ സ്‌പോൺസർഷിപ്പുകൾ ഇഡി അന്വേഷിക്കും. അങ്ങനെയെങ്കിൽ ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പല കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കും. പല പ്രമുഖരുടെയും നേരെ അന്വേഷണം നീളുമെന്നാണ് ഇഡിയുടെ വിശദീകരണത്തിൽനിന്ന് വ്യക്തമാകുന്നത്.

വഴിപാടുകളുടെ പേരിൽ, ആചാരങ്ങളുടെ പേരിൽ, സംഭാവനകളുടെ പേരിൽ, സ്‌പോൺസർഷിപ്പിന്റെ പേരിൽ അങ്ങനെ നിരവധി ക്രമക്കേടുകൾ വർഷങ്ങളായി നടക്കുന്നുവെന്നാണ് ഇഡി കരുതുന്നത്. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇഡി നടത്താൻ പോകുന്നത്. ശബരിമല ക്ഷേത്രത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുമെന്നാണ് ഇഡി പറയുന്നത്.

നിലവിൽ കേരളം, തമിഴ്‌നാട്, കർണാടക അടക്കം മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്വർണക്കൊള്ള കേസിൽ പ്രതികളായ എ. പത്മകുമാർ, മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി, എൻ. വാസു എന്നിവരുടെ വീട്, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന്റെ വീട് ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ, സ്മാർട്ട്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനം തുടങ്ങിയ ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. പരിശോധനകൾക്കായി ഇഡി സംഘം വെഞ്ഞാറമൂട്ടിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സഹോദരിയുടെയും വീട്ടിൽ എത്തിയെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട് അടച്ചിട്ട നിലയിലായിരുന്നു.

തുടർന്ന് സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ അമ്മ, സഹോദരിയുടെ വീട്ടിൽ കാണുമെന്ന അനുമാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ എത്തുകയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നും അമ്മയെ കൂട്ടിക്കൊണ്ടുപോയ ഇഡി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു അന്വേഷണസംഘം കൂടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ എത്തിയിട്ടുമുണ്ട്.

മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ രാവിലെ 7.34-ന് തുടങ്ങിയ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മുരാരി ബാബുവിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. 2019-ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഇയാളുടെ അഡംബര വീട് നിർമാണം ഉൾപ്പെടെ സംശയനിഴലിലാണ്.

Content Highlights: ED expands gold smuggling probe to include alleged financial irregularities in Sabarimala donations, sponsorships, and Devaswom Board fund utilization. Top officials may be implicated.