വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും നേരത്തേ ഇറങ്ങണം; ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം

#ന്യൂസ് ഡെസ്ക്
കോഴിക്കോട് നഗരം - പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട് നഗരം - പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് ഞായറാഴ്ച വൻ ഗതാഗത നിയന്ത്രണം. വൈകീട്ട് അഞ്ചുമണി മുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുകയെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം-മടവൂർ വരെയും പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും, കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പടനിലം-കളരിക്കണ്ടി-വരട്ട്യാക്ക്-പെരിങ്ങളം വഴിയും, മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ്-പെരിങ്ങളം വഴിയും, കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ-പാവങ്ങാട്-നടക്കാവ് വഴിയും, യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ-രാമനാട്ടുകര-ഫറോക്ക്-ചെറുവണ്ണൂർ വഴിയും കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.

സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ്-മുണ്ടിക്കൽ താഴം-കോട്ടാംപറമ്പ-മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി-മുണ്ടിക്കൽ താഴം-കോട്ടാംപറമ്പ-മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.

വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ നേരത്തേ തന്നെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം-മടവൂർ വരെയുളള റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ല. വിവിഐപി പാസിങ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കുമെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് 6.30-നാണ് മലേഷ്യൻ പ്രധാനമന്ത്രി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക. വൈകീട്ട് 7.30 മുതൽ രാത്രി 9.30 വരെ അദ്ദേഹം മർകസിൽ ഉണ്ടാകും. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ 'എക്‌സലൻസ് അവാർഡ്' മലേഷ്യയുടെ പ്രധാനമന്ത്രിക്ക് മർകസിൽ നടക്കുന്ന ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും.

തുടർന്ന്, മലേഷ്യൻ പ്രധാനമന്ത്രി മടവൂർ സി.എം. മഖാമിൽ എത്തും. അവിടെ 20 മിനിറ്റ് ചെലവഴിക്കും. രാത്രി 10-ന് താമസസ്ഥലത്തേക്ക് പോകും.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും പരിസരപ്രദേശങ്ങളും വൻ സുരക്ഷാവലയത്തിലാണ്. ഇന്ത്യൻ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർക്കുള്ള സുരക്ഷയുടെ സമാനരീതിയിലാകും അൻവർ ഇബ്രാഹിമിനുമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുക. ഇന്റലിജൻസ് എഡിജിപി ദിനേന്ദ്ര കശ്യപ് വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയിരുന്നു.

Content Highlights: Major traffic restrictions will be enforced in Kozhikode from 5 PM on Sunday in view of Malaysian Prime Minister Anwar Ibrahim's visit. Strict curbs apply along routes connecting Ramanattukara, Malaparamba, and Madavoor.