ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് കത്തിയ സംഭവം; ഫ്യൂസ് ബോക്സിലെ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം

മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ തിരുവാഴിയോട് പോലീസ് സ്റ്റേഷനുസമീപം കത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർവാഹനവകുപ്പ് അധികൃതർ പരിശോധിക്കുന്നു.
മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ തിരുവാഴിയോട് പോലീസ് സ്റ്റേഷനുസമീപം കത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർവാഹനവകുപ്പ് അധികൃതർ പരിശോധിക്കുന്നു.

ഒറ്റപ്പാലം: മുണ്ടൂര്‍-തൂത പാതയില്‍ തിരുവാഴിയോട്ട് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ്ബസ് കത്തിയത് മുന്‍വശത്തെ ഫ്യൂസ്‌ബോക്സില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് കണ്ടെത്തല്‍. ഫ്യൂസ് ബോക്സില്‍നിന്നുണ്ടായ തീ മറ്റുഭാഗങ്ങളിലേക്ക് പടരുകയായിരുന്നെന്ന് ബസിന്റെ ഭാഗങ്ങള്‍ പരിശോധിച്ചശേഷം മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വിലയിരുത്തി. ഫ്യൂസ് ബോക്സിന് സമീപമാണ് കൂടുതലായി കത്തിപ്പിടിച്ച പാടുകളുള്ളത്. എന്നാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

ബസില്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടില്ല. സ്ലീപ്പര്‍ കോച്ചായതിനാല്‍ ടി.വി.യും ഇല്ല. 2023 ഒക്ടോബറിനുശേഷം പുറത്തിറങ്ങിയ വലിയ ബസുകളിലെല്ലാം തീ കത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന അലാറമുണ്ട്. എന്നാല്‍, ഈ ബസ് 2023 ഒക്ടോബറിനുമുന്‍പ് വാങ്ങിയതായതിനാല്‍ ഈ സംവിധാനമില്ല.

ബസിന്റെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി മുനിയാണ്ടിയുടെ സമയോചിത ഇടപെടലാണ് വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഓടുന്നതിനിടെ പുകയുന്നതുപോലെയുള്ള മണംവന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. നാട്ടുകാരും സമീപത്തെ പെട്രോള്‍പമ്പ് ജീവനക്കാരും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതും തുണയായി. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരായ എം.പി. ദീപക്, ദേവീദാസന്‍, രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോഴിക്കോട്ടുനിന്ന് ചെന്നൈയ്ക്ക് പോകുന്ന ബസിനാണ് വെള്ളിയാഴ്ചരാത്രി ഒന്‍പതുമണിയോടെ തീപിടിച്ചത്.

ബസില്‍ 22 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നു. അടിയന്തര രക്ഷാവാതിലിലൂടെ ഉള്‍പ്പെടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഇവരെ പകരംവാഹനത്തില്‍ പറഞ്ഞയച്ചു. യാത്രികരുടെ രേഖകള്‍, ലാപ്‌ടോപ് എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ രേഖകള്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതിനല്‍കി.

കൂടുതല്‍ പരിശോധന വേണം

ബസ് പൂര്‍ണമായി കത്തിനശിച്ചതിനാല്‍ നേരിട്ടുള്ള പരിശോധനയില്‍ അപകട കാരണമടക്കമുള്ള വിവരങ്ങള്‍ ലഭിക്കില്ലെന്നും വാഹനനിര്‍മാതാക്കളുടെ എന്‍ജിനിയര്‍മാരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പാലക്കാട് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു. ബസില്‍ നിശ്ചിത അളവില്‍ക്കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും ആര്‍.ടി.ഒ. വ്യക്തമാക്കി.


 

Content Highlights: Tourist bus caught fire in Palakkad