അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.
അനധികൃത സ്വത്തുസമ്പാദനക്കേസിൽ തച്ചങ്കരിക്ക് സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്.
തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുൻ ഡി.ജി.പി. അഴിമതിക്കേസിൽ ജയിലിലാകുന്നത്.
തച്ചങ്കരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാമൻ പിള്ളയുടെയും ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതിനെ എതിർത്ത പബ്ലിക് പ്രോസിക്യൂട്ടറുടെയും വിശദമായ വാദങ്ങൾ കഴിഞ്ഞമാസം കോടതി കേട്ടിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റി വെച്ചിച്ചിരിക്കുകയായിരുന്നു.
ആലപ്പുഴ എ.എസ്.പി. ആയിരിക്കേ തച്ചങ്കരി, മിത്രക്കരി കരുവേലിത്തറയിൽ ബോബി കുരുവിള ഉൾപ്പെട്ട കേസിൽ അദ്ദേഹത്തെ വേട്ടയാടിയതാണ് കേസിന്റെ തുടക്കം. തന്റെ ബന്ധുവും ബോബിയുടെ കുടുംബവുമായുള്ള തർക്കത്തിൽ തച്ചങ്കരി ഇടപെട്ട് ഗുരുതരവകുപ്പുകൾ ചേർത്ത് ഉപദ്രവിച്ചുവെന്നായിരുന്നു ആരോപണം. ബോബിയുടെ പിതാവ് കെ.സി. കുരുവിള തുടങ്ങിവെച്ച നിയമപോരാട്ടം പിന്നീട് ബോബി നടത്തുകയായിരുന്നു.
2003 ജനുവരി ഒന്നുമുതൽ 2007 ജൂലായ് നാലുവരെയുള്ള കാലയളവിൽ ഐ.ജി.യായിരിക്കേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കേസ്. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ ആകെ വരുമാനം 47,64,913 രൂപയായിരുന്നു. എന്നാൽ, 1.02 കോടി രൂപ ചെലവാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 135 ശതമാനം അധികസ്വത്ത് സമ്പാദിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പക്ഷേ, 30,84,892 രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കോടതി കണ്ടെത്തിയത്. ഈ സമ്പാദ്യത്തിന്റെ വരവ് ബോധ്യപ്പെടുത്താൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. ഈ തുകയാണ് പിഴയായിവിധിച്ചത്. കേസിൽ 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 271 പ്രമാണങ്ങളും ഹാജരാക്കി. 2025 നവംബർ ഒന്നിനാണ് കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. ഒൻപതു മാസംകൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് ശിക്ഷവിധിച്ചത്.
Content Highlights: Kerala High Court stayed the conviction of former DGP Tomin Thachankary., The ruling was issued by Justice A. Badarudeen on a petition filed by Thachankary., Thachankary is eligible for release from prison following the stay order.