എഐസിസി സെക്രട്ടറിസ്ഥാനം: പ്രതാപൻ മാറിയതോ മാറ്റിയതോ? പക്ഷം മാറിയതിന്റെ പ്രതിഫലനമെന്ന് അഭ്യൂഹം

തൃശ്ശൂർ: എ.െഎ.സി.സി. െസക്രട്ടറിസ്ഥാനത്തുനിന്നുള്ള ടി.എൻ. പ്രതാപന്റെ മാറ്റത്തെച്ചൊല്ലി വ്യാഖ്യാനങ്ങൾ പലവിധം. ഒഴിവാക്കപ്പെട്ടതാണെന്നും അത് പ്രതാപന് തിരിച്ചടിയാണെന്നും കെ.സി. വേണുഗോപാൽ പക്ഷത്തുനിന്ന് വി.ഡി. സതീശൻ പക്ഷത്തേക്കുള്ള മാറ്റത്തിന്റെ പ്രതിഫലനമാണെന്നുമാണ് ഒരു പ്രചാരണം. എന്നാൽ, പ്രതാപൻ അത് നിഷേധിക്കുന്നു.
ദേശീയതലത്തിൽ പാർട്ടി ഏൽപ്പിച്ച ചുമതലകൾ വേണ്ടവിധം നടപ്പാക്കാനായില്ലെന്നും തിരഞ്ഞെടുപ്പും ഭാര്യയുടെ അസുഖവുമൊക്കെയായിരുന്നു അതിനു കാരണമെന്നും അതിനാൽ മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടതാണന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. “കെ.സി. വേണുഗോപാലുമായും വി.ഡി. സതീശനുമായും ആത്മബന്ധമുണ്ട്. മുഖ്യമന്ത്രിയായശേഷം സതീശൻ രണ്ടുതവണ വീട്ടിൽ വന്നിരുന്നു. കെ.സി.യുമായുള്ള ബന്ധം കൂടുതൽ ഉൗഷ്മളമായി തുടരുന്നു. ഇനിയുള്ള പ്രവർത്തനം കേരളത്തിലായിരിക്കും. പാർട്ടി ഏൽപ്പിക്കുന്ന ഏതു ചുമതലയും സ്വീകരിക്കും” പ്രതാപൻ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവരെ വെച്ചടി കയറിയ പ്രതാപൻ പിന്നോട്ടടിച്ചത് തിരഞ്ഞെടുപ്പുസമയത്താണ്. തൃശ്ശൂരിൽ സിറ്റിങ് എം.പി.യായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പിൽനിന്ന് മാറുകയും പകരമെത്തിയ മുരളീധരൻ തോൽക്കുകയും ചെയ്തപ്പോൾ പല കോണുകളിൽനിന്നും പ്രതാപനെതിരേ വിമർശനമുയർന്നു. എങ്കിലും മണലൂർ നിയമസഭാസീറ്റ് കിട്ടി. പക്ഷേ, നേരിയ വോട്ടിന് തോൽവിയായിരുന്നു ഫലം. ജയിച്ചാൽ മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്ന പ്രതാപന് അതൊരു ആഘാതമായി. സ്കൂൾലീഡറിൽ തുടങ്ങി എം.പി. വരെയായ പ്രതാപന്റെ ആദ്യ പരാജയമായിരുന്നു ഇത്.
പദ്മജ കോൺഗ്രസ് വിട്ടപ്പോൾ ഏറ്റവുമധികം പഴിച്ചത് പ്രതാപനെയായിരുന്നു. ആ പദ്മജ ബി.ജെ.പി. വിട്ട ദിവസംതന്നെ പ്രതാപന് എ.ഐ.സി.സി. സെക്രട്ടറിസ്ഥാനം പോയത് തൃശ്ശൂരിൽ വലിയ ചർച്ചയാകുന്നുണ്ട്. കേരളത്തിൽ വലിയ സ്ഥാനം പ്രതാപന് കിട്ടുമെന്ന് അദ്ദേഹത്തോടൊപ്പമുള്ളവർ വിശ്വസിക്കുന്നുണ്ട്. മറിച്ചായാൽ ടി.എൻ. പ്രതാപൻ എന്ന കോൺഗ്രസ് നേതാവിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാകും.
Content Highlights: TN Prathapan denies rumors of factional removal from the AICC Secretary post