ടൈറ്റാനിയം തൊഴിൽ തട്ടിപ്പ്; പ്രതികൾക്ക് ഉന്നത രാഷ്ട്രീയബന്ധമെന്ന് സൂചന, ആറു കേസുകൾ കൂടി

തിരുവനന്തപുരം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ കേസിൽ, കൂടുതൽപ്പേർ പരാതിയുമായി രംഗത്ത്. ബുധനാഴ്ച ആറു കേസുകൾകൂടി രജിസ്റ്റർ ചെയ്തു. തുടർന്ന് കേസന്വേഷണത്തിന് ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപംനൽകി. മ്യൂസിയം, കന്റോൺമെന്റ്, പൂജപ്പുര സി.ഐ.മാരും അന്വേഷണസംഘത്തിലുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന നിഗമനത്തിലാണ് പോലീസ്.
ടൈറ്റാനിയത്തിന്റെ ഭരണത്തിൽ സ്വാധീനമുള്ള ഉന്നത രാഷ്ട്രീയനേതാവിന് പ്രതികളുമായുള്ള ബന്ധമാണ് തട്ടിപ്പിനു കളമൊരുക്കിയതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ അടുപ്പക്കാരാണ് അറസ്റ്റിലായ ദിവ്യാ നായരും ഭർത്താവ് രാജേഷും. രാജേഷിന്റെ സഹോദരനാണ് മറ്റൊരു പ്രതിയായ പ്രേംകുമാർ. രാഷ്ട്രീയനേതാവിന്റെ പേരുപയോഗിച്ച് ഉദ്യോഗാർഥികളെ ജോലി ഉറപ്പാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
രാഷ്ട്രീയനേതൃത്വത്തിന്റെ പേര് കേസുമായി ബന്ധപ്പെട്ട് പരാതിക്കാർ ഉന്നയിച്ചതോടെ, പലർക്കും പണം തിരികെ നൽകി ഒത്തുതീർപ്പിനും ചില ഇടനിലക്കാർ ശ്രമിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുമെന്ന ഉറപ്പു ലഭിച്ചതോടെ പലരും പോലീസിന് തെളിവുനൽകാനും മടിക്കുന്നുണ്ട്. സമീപകാലത്ത് ടൈറ്റാനിയത്തിൽ 120 പേരെ നിയമിച്ചിരുന്നു. ഇതിൽ 90 പേരെ ഓപ്പറേറ്റർ തസ്തികയിലാണ് നിയമിച്ചത്. ഈ നിയമനങ്ങളിൽ ഈ സംഘത്തിന്റെ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ടൈറ്റാനിയത്തിലെ ചില ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിട്ടുണ്ട്.
ജോലി തട്ടിപ്പിൽ കൂടുതൽപ്പേർ ഇടനിലക്കാരായതായും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം അമരവിള സ്വദേശിയും അധ്യാപകനുമായ ഷംനാദിനെതിരേ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തിരുന്നു. കേസിലെ മറ്റു പ്രതികളായ ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന ശശികുമാരൻ തമ്പി, ശശികുമാരൻ തമ്പിയുടെ സുഹൃത്തായ ശ്യാംലാൽ എന്നിവരുമായി ബന്ധമുള്ളവരാണ് മറ്റ് ഇടനിലക്കാരെന്നാണ് പോലീസിന്റെ നിഗമനം.നേരത്തേ േപഴ്‌സണൽ ഡിപ്പാർട്ട്‌മെന്റിലും ഉന്നപദവി വഹിച്ചിരുന്നതിനാൽ ശശികുമാരൻ തമ്പിക്ക് ഉദ്യോഗസ്ഥരുടെയിടയിൽ വലിയ സ്വാധീനമാണുണ്ടായിരുന്നത്. കർശനമായ സുരക്ഷയുള്ള ടൈറ്റാനിയത്തിൽ ഇവർക്ക് എളുപ്പത്തിൽ കടന്നുചെല്ലാനുള്ള സൗകര്യമൊരുക്കിയത് മറ്റു ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
ദിവ്യാ നായരെ തെളിവെടുപ്പിെനത്തിച്ചു
കേസിലെ ഒന്നാം പ്രതി ദിവ്യാ നായരെ വെഞ്ഞാറമൂട് പോലീസ് ബുധനാഴ്ച തെളിവെടുപ്പിനെത്തിച്ചു.
തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലെയും അമ്പലംമുക്കിലെയും ശ്യാംലാലിന്റെയും പ്രേംകുമാറിന്റെയും വീട്ടിലാണ് പോലീസ് ദിവ്യയെ എത്തിച്ചത്. ഈ രണ്ടു വീടും പൂട്ടിയിട്ടിരിക്കുന്നതിനാൽ പോലീസിന് അകത്തേക്കു കടക്കാനായില്ല. രഹസ്യമായാണ് പോലീസ് ദിവ്യാ നായരെയുംകൊണ്ട് തെളിവെടുപ്പിനെത്തിയത്.
വ്യാഴാഴ്ച ഇവരുടെ വീട്ടിലും ടൈറ്റാനിയത്തിലും എത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന. വെഞ്ഞാറമൂട് സ്വദേശിയിൽനിന്ന് 14 ലക്ഷം രൂപ തട്ടിച്ച കേസിലാണ് ദിവ്യാ നായരെ അറസ്റ്റുചെയ്തത്.
കെമിസ്റ്റായി ജോലി വാഗ്ദാനംചെയ്ത് 14 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇവർ വാങ്ങിയത്. ഇതിനിടെ, ടൈറ്റാനിയത്തിൽ മൂന്നാം ദിവസവും പോലീസ് പരിശോധന നടത്തി. ടൈറ്റാനിയം ഓഫീസുമായി അടുത്ത ബന്ധമുള്ള ശ്യാംലാലിന്റെ ഭാര്യയായ അഭിഭാഷകയെയും കേസിൽ പ്രതിചേർക്കും.
പ്രതികൾ പുറത്തേക്ക് കടന്നിട്ടില്ലെന്ന് പോലീസ്, ഉടൻ പിടിയിലായേക്കും
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രതികൾ സംസ്ഥാനത്തിനു പുറത്തേക്കു കടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളിൽ പ്രതികളിലേക്കെത്താനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
സാമ്പത്തികത്തട്ടിപ്പ് കേസ് ആയതിനാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള പരമാവധി തെളിവുകൾ കണ്ടെത്താനായി പ്രതികളുടെ ഓഫീസും വീടുകളും കേന്ദ്രീകരിച്ച് റെയ്ഡുകൾ നടത്തി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
കെമിസ്റ്റ്, ജൂനിയർ അസിസ്റ്റന്റ്, ഡ്രൈവർ, ജൂനിയർ എൻജിനിയർ, പ്ലംബർ, വർക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ 12 മുതൽ 20 ലക്ഷം രൂപ വരെ വാങ്ങി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 75000 രൂപ വരെ ശമ്പളം ലഭിക്കുന്ന തസ്തികകളാണ് ഇവയെന്നു വിശ്വസിപ്പിച്ചാണ് ഉദ്യോഗാർഥികളെ ആകർഷിച്ചിരുന്നത്. കെമിസ്റ്റ് തസ്തികയിൽ മാത്രം 30-ഓളം പേരിൽനിന്നാണ് പണം വാങ്ങിയത്. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽവച്ചായിരുന്നു പണം കൈമാറലും ചർച്ചകളും. മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവു ലഭിക്കാതായതോടെയാണ് പലരും പരാതിപ്പെടാൻ തുടങ്ങിയത്. ചിലർക്ക് താത്കാലികമായി ജോലി നൽകാമെന്നു പറഞ്ഞിരുന്നു.
കരാർ ജോലിക്ക് തയ്യാറെന്ന സത്യവാങ്മൂലവും ഇവരിൽനിന്ന് എഴുതിവാങ്ങിയിരുന്നു. 2018 മുതൽ പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. 15 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണ് നിഗമനം.
തെളിവുകളുൾപ്പെടെ പരാതി
പ്രതികളുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ഓഡിയോയും ചാറ്റുകളുടെ ദൃശ്യങ്ങളുമുൾപ്പെടെയാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. തുടർന്ന് ഇവർ ഡി.സി.പി.ക്കു പരാതി നൽകി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാരണമാണ് നിയമനത്തിൽ താമസം വന്നതെന്നാണ് ശ്യാംലാൽ ഉദ്യോഗാർഥിയോടു പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള നിയമസഭാ സമ്മേളനകാലത്ത് എല്ലാവരെയും നിയമിച്ച് ഉത്തരവിറങ്ങുമെന്നും 12 ലക്ഷം രൂപ നൽകിയ പാറശ്ശാല സ്വദേശിയോട് ശ്യാംലാലിന്റെ ഉറപ്പ്. നിയമന ഉത്തരവ് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും ശ്യാംലാൽ വിശ്വസിപ്പിച്ചിരുന്നു.
പാർട്ടിക്കാർ പട്ടിക നൽകുന്നതിനു മുൻപ് തുക നൽകണമെന്ന് പ്രേംകുമാർ ഉദ്യോഗാർഥിയോടു പറയുന്നുണ്ട്. 12 ലക്ഷം രൂപയാണ് പ്രേംകുമാർ ആവശ്യപ്പെട്ടത്. തന്റെയും ശ്യാംലാലിന്റെയും ബാങ്ക് അക്കൗണ്ടിൽ തുക നൽകണമെന്നും ഇയാൾ നിർദേശിക്കുന്നുണ്ട്.
വീഡിയോ കോൾ വഴി ആദ്യം ഇന്റർവ്യൂ നടത്തിയ ശേഷമാണ് ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിലെ ശശികുമാരൻ തമ്പിയുടെ ഓഫീസിലേക്കു കൊണ്ടുപോയത്. പണം വാങ്ങിയതിന് തെളിവു ചോദിച്ചവർക്ക് മുദ്രപ്പത്രത്തിൽ ധാരണാപത്രവും തയ്യാറാക്കി നൽകിയിരുന്നു.
Content Highlights: titanium job scam accused has high political connection, six more cases