തിരൂർ-നിലമ്പൂർ മെട്രോ വേണമെന്ന് കുറുക്കോളി; അടുത്ത പതിറ്റാണ്ടിൽപോലും ഇതുണ്ടാവില്ലെന്ന് മുഖ്യമന്ത്രി

#സഭാതലം | എസ്.എന്‍. ജയപ്രകാശ്‌
കുറുക്കോളി മൊയ്തീന്‍, പിണറായി വിജയന്‍
കുറുക്കോളി മൊയ്തീന്‍, പിണറായി വിജയന്‍

ശരവേഗ കെ-റെയിൽ ചങ്കിലേറ്റി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഒന്ന് പ്രോത്സാഹിപ്പിച്ചാൽ നാട്ടിലെവിടെയും അദ്ദേഹം മെട്രോ ഓടിക്കുമെന്ന് പാവം കുറുക്കോളി മൊയ്തീൻ തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് അതിവേഗം വളരുന്ന മലപ്പുറത്തെ തിരൂരിൽനിന്ന് നിലമ്പൂരിലേക്ക്‌ മെട്രോ റെയിൽ വേണമെന്ന ആവശ്യത്തിലേക്ക്‌ അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്.

കുറുക്കോളിയുടെ മോഹത്തിൽ മുഖ്യമന്ത്രി പ്രകോപിതനായി. മാരകമായിരുന്നു മറുപടി. ഈ സർക്കാരിന്റെയോ അടുത്ത പതിറ്റാണ്ടിൽ വരാനിരിക്കുന്ന സർക്കാരുകളുടെയോ ആലോചനയിൽപ്പോലും ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് അദ്ദേഹം വെട്ടിമുറിച്ച്‌ പറഞ്ഞു. അത്‌ കേട്ട് കുറുക്കോളി മരവിച്ചു. ‘‘എം.എൽ.എ.മാർക്ക് ഏത്‌ കാര്യവും ഉന്നയിക്കാം. പക്ഷേ, ഇതൊക്കെ സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കണോ? നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കണം’’ ശാസനാരൂപത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം പിന്നാലെ വന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം അനുസരിക്കാൻപോയാൽ നിയമസഭാ സെക്രട്ടേറിയറ്റ് വലയും. വികസനമോഹം എം.എൽ.എ.യ്ക്ക്, മന്ത്രിക്ക്, മുഖ്യമന്ത്രിക്ക് എത്രയാകാമെന്ന അളവ് ആര്, എങ്ങനെ കണക്കാക്കും?

കെ-റെയിൽവിരുദ്ധനായ കുറുക്കോളിക്ക്‌ എന്തിനാണിത്ര ധൃതിയെന്നായി കടകംപള്ളി സുരേന്ദ്രന്റെ പരിഹാസം. നന്ദിപ്രമേയചർച്ചയുടെ അവസാനദിവസം പ്രതിപക്ഷനേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് കടകംപള്ളി സുരേന്ദ്രനും കൂട്ടരും ശ്രമിച്ചത്. കഴിഞ്ഞദിവസം സതീശൻ സഭയിൽ ക്ഷോഭിച്ചത് കോൺഗ്രസ് എന്ന അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കലഹിച്ചപോലെയാണെന്ന് കടകംപള്ളി പറഞ്ഞു. സ്പീക്കറുടെ വേദി അടിച്ചുതകർത്ത കടകംപള്ളിയും കൂട്ടരും പ്രതിപക്ഷനേതാവിനെ നിയമസഭാനടപടി പഠിപ്പിക്കേണ്ടെന്നായി ടി.ജെ. വിനോദ്.

കൈയിൽ കാശില്ലാത്തതിനാൽ നമ്മുടെ പല നമ്പർ വണ്ണും നഷ്ടമാകുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി വിലപിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിനുമുൻപ്‌ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങൾ നേരാംവണ്ണം നോക്കുന്നില്ലെന്നു പറഞ്ഞാണ് മുസ്‌ലിം ലീഗിനെ സി.പി.എം. വിമർശിച്ചത്. തിരഞ്ഞെടുപ്പിൽ തോറ്റതോടെ ലീഗ് ന്യൂനപക്ഷവർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയായി. ഇതെന്ത് മറിമായമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. ആര്‌ കൊടികുത്തിയാലും പിണറായി വിജയൻ മുഖ്യമന്ത്രിയാണെങ്കിൽ വികസനപദ്ധതികൾ നടപ്പാക്കിയിരിക്കുമെന്ന് കെ.വി. സുമേഷ് ആവേശത്തോടെ പറഞ്ഞു.

സുമേഷ് പറഞ്ഞതുതന്നെ നന്ദിപ്രമേയചർച്ചയ്ക്കൊടുവിൽ വേറെ വാക്കുകളിൽ പിണറായിയും പറഞ്ഞു. ആവശ്യമെന്നുകാണുന്ന പദ്ധതികളെല്ലാം നടപ്പാക്കിയിരിക്കും. പാലക്കാട്ട് ഡിസ്റ്റിലറി അനുവദിച്ചത് അഴിമതിതന്നെയെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. കൊക്കകോളയെ ഓടിച്ചതും ഓർമിപ്പിച്ചു. മുഖ്യമന്ത്രി രമേശിനെ ഒന്ന്‌ പുകഴ്ത്തി താഴ്ത്തി ‘‘അങ്ങ് കേരളത്തിലെ പ്രധാനപ്പെട്ട ആളാണ്. ലേശം കേരളതാത്പര്യംകൂടി കണക്കിലെടുത്ത് മുന്നോട്ടുപോകണം.’’ ഡിസ്റ്റിലറിവിവാദത്തിലെ മുഖ്യമന്ത്രിയുടെ മറുപടിക്കിടെ രമേശ് ചെന്നിത്തല ഒഴികെ പ്രതിപക്ഷത്തുനിന്ന് ആരും ഇടപെട്ടില്ല. അവർ ശാന്തമായി ഇരുന്നതിനാൽ മുഖ്യമന്ത്രി പതിവുപോലെ സുദീർഘപ്രഭാഷണവും നടത്തി. ഇനി സമ്മേളനത്തിന് ഇടവേളയാണ്. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരിപ്പിക്കാൻ വീണ്ടും ചേരും.

Content Highlights: tirur nilambur metro rail kurukkoli moideen vs cm pinarayi vijayan in assembly