കേരളത്തിൽ വേനൽ കനക്കുന്നു; തൃശൂരില്‍ 40 ഡിഗ്രിവരെ താപനില ഉയരാൻ സാധ്യത, ജാഗ്രതാ നിർദേശം

പ്രതീകാത്മക ചിത്രം | ഫോട്ടോ:മനീഷ് ചേമഞ്ചേരി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മനീഷ് ചേമഞ്ചേരി

തിരുവനന്തപുരം: സ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ശനിയാഴ്ചവരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  തൃശൂര്‍ ജില്ലയില്‍ 40 ഡിഗ്രിവരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞകൊല്ലം ഈ സമയം 38 ഡിഗ്രിയാണ് തൃശൂരില്‍ രേഖപ്പെടുത്തിയിരുന്നത്. തൃശൂർ വെള്ളാനിക്കരയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ അഞ്ചുവര്‍ഷം മുമ്പ് മാര്‍ച്ച് 26-ന് 40 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നതായി കാലാവസ്ഥ വകുപ്പ് മേധാവി ഡോ. ബി. അജിത് കുമാര്‍ പറഞ്ഞു.

Content Highlights: thrissur braces for intense heat till saturday