'മുന്‍ നേതാവിനെ ഗസ്റ്റ് അധ്യാപകനാക്കണം'; കേരളവര്‍മ്മ കോളേജില്‍ SFI സമരം

തൃശ്ശൂർ: മുൻ നേതാവിനെ ഗസ്റ്റ് അധ്യാപകനാക്കണമെന്നാവശ്യപ്പെട്ട് കേരളവർമ കോളേജിൽ എസ്.എഫ്.ഐ. സമരം. മറ്റ് ആവശ്യങ്ങളും സംഘടന ഉന്നയിച്ചിരുന്നെങ്കിലും ചർച്ചകളിലെല്ലാം പ്രാധാന്യം നൽകുന്നത് അധ്യാപകനിയമനത്തിനാണ്. മൂന്നുദിവസം പിന്നിട്ട സമരം വെള്ളിയാഴ്‌ച കൂടുതൽ ശക്തമായി. സമരത്തെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ച അധ്യാപകരുടെ േയാഗത്തിലേക്ക് വിദ്യാർഥികൾ ഇരച്ചുകയറി.
പ്രിൻസിപ്പലിനെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചപ്പോൾ പ്രിൻസിപ്പലിനെ മാത്രമായി തടഞ്ഞുവയ്ക്കാനാകില്ലെന്ന് പറഞ്ഞ് അധ്യാപകർ എതിർത്തു. പോലീസുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നാലരയോടെ വിദ്യാർഥികൾ ഉപരോധം അവസാനിപ്പിച്ചെങ്കിലും പഠിപ്പുമുടക്കൽ അവസാനിപ്പിച്ചില്ല.
മുൻനേതാവ് പങ്കെടുത്ത അഭിമുഖം സംബന്ധിച്ച് പരാതികളുണ്ട്. ഇത് പരിഗണനയിലാണെന്നതിനാൽ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ലെന്നാണ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള വി.എ. നാരായണമേനോൻ പറയുന്നത്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് കോളേജ് എജ്യൂക്കേഷന് പരാതി പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്റെ തെളിവെടുപ്പ് കഴിഞ്ഞശേഷമേ ഡയറക്ടറേറ്റ് ഓഫ് കോളേജ് എജ്യൂക്കേഷന്റെ തീരുമാനം വരുകയുള്ളൂ. അതുകൊണ്ടുതന്നെ പെട്ടെന്നു നടപ്പാക്കാനാകാത്ത വിഷയത്തിലാണ് സമരമെന്ന് പ്രിൻസിപ്പൽ പറയുന്നു.
ഈ വ്യക്തിക്കെതിരേ അധ്യാപകരുടെ യോഗത്തിൽ വിമർശനം വന്നുതുടങ്ങിയതോടെയാണ് എസ്.എഫ്.ഐ. പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചുകയറിയത്. യോഗത്തിൽ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ പുറത്ത് സമരംചെയ്തവരെ അറിയിച്ചിരുന്നുവെന്ന് അധ്യാപകർത്തന്നെ ആരോപിക്കുന്നു.
അഭിമുഖം സംബന്ധിച്ച് വേറെയും നിരവധി പരാതികളുണ്ട്. മുൻ നേതാവിനെ അഭിമുഖത്തിൽ ഒന്നാംസ്ഥാനത്തെത്തിക്കാൻ ചില ശ്രമങ്ങളുണ്ടായെന്ന് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന വ്യക്തിതന്നെ പരാതിപ്പെട്ടിട്ടുണ്ട്. അഭിമുഖത്തിൽ മുൻ നേതാവിന് രണ്ടാംറാങ്കാണ് ലഭിച്ചിരുന്നത്. ഇതോടെ ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന ഒരു അധ്യാപകൻ അഭിമുഖം നടത്തിപ്പിനെതിരേ പരാതിയുമായി എത്തി.
റാങ്ക് ലിസ്റ്റിൽ ഈ അധ്യാപകൻ ഒപ്പിട്ടിട്ടില്ല. എങ്കിലും ഈ പട്ടികയുമായി അധികൃതർ മുന്നോട്ടുപോയി. പക്ഷേ, ഒന്നാം റാങ്ക് കിട്ടിയ വ്യക്തി ജോലിക്ക് ചേരാൻ എത്തിയില്ല. ഇതിനു പിന്നിൽ പലരുടെയും ഭീഷണികളുണ്ടെന്നും പരാതിയുണ്ട്.
Content Highlights: thrissur sree kerala varma college sfi strike wants former leader to be appointed as guest lecturer