സ്കൂൾ ഗെയിംസ്: സംഘാടകസമിതി രൂപവത്കരണംപോലും അറിഞ്ഞില്ലെന്ന് ഭരണകക്ഷി MLA; ‘ഉദ്യോഗസ്ഥർ മറുപടി പറയണം’

തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് നടത്തിപ്പിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്ന് രാജൻ ജെ. പല്ലൻ എം.എൽ.എ. സംഘാടക സമിതി രൂപവത്‌കരിച്ചത് താനും കായിക മന്ത്രിയും മേയറും കളക്ടറും അറിഞ്ഞിട്ടില്ല. പരിപാടിയിലെ അധ്യക്ഷൻ താൻ ആയിരുന്നെന്ന കാര്യം പിന്നീട് നോട്ടീസ് കണ്ടപ്പോഴാണ് മനസ്സിലായത്. സംഘാടനത്തിലെ വീഴ്ചയ്ക്ക് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ മറുപടി പറയണമെന്നും ബന്ധപ്പെട്ടവർക്കെതിരേ കേസ് എടുക്കണമെന്നും പരിക്കേറ്റ വിദ്യാർഥികളുടെ ചികിത്സച്ചെലവ് വിദ്യാഭ്യാസ വകുപ്പ് വഹിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
നീന്തൽ മത്സരത്തിന് എത്തിയ വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി നേരത്തേ വിളിച്ചു പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്നുതന്നെ സംസാരിച്ചതാണ്. എന്നാൽ ആവശ്യമായ മുൻകരുതലുകൾ എടുത്തില്ല. താത്‌കാലികമായി കെട്ടിയ ഷീറ്റാണ് കാറ്റിൽ പറന്നത്. ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പാക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കായികമേളയുടെ സംഘാടക സമിതി രൂപവത്കരിച്ചതോ സ്വാഗതസംഘം രൂപവത്കരിച്ചതോ കോർപറേഷനെ അറിയിച്ചിട്ടില്ലെന്നും
അപകടത്തിന്റെ ഉത്തരവാദിത്വം കോർപറേഷൻ ഏറ്റെടുക്കില്ലെന്നും മേയർ നിജി ജസ്റ്റിനും ആവർത്തിച്ചു. ഉദ്ഘാടകനാകേണ്ട കായികമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാലാണ് അവസാനഘട്ടത്തിൽ തന്നെ ക്ഷണിച്ചത്.
പരിപാടിക്കെത്തിയപ്പോൾ ക്രമീകരണങ്ങളിലെ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. സാഹചര്യം കായികമന്ത്രിയെയും എം.എൽ.എ.യെയും അറിയിക്കണമെന്ന് നിർദേശിച്ച ശേഷമാണ് മടങ്ങിയതെന്നും അക്വാട്ടിക്സ് മത്സരങ്ങൾ നടക്കുന്ന കോംപ്ലക്സിന്റെ ചുമതല കായികവകുപ്പിനാണെന്നും മേള സംഘടിപ്പിച്ചത് പൊതുവിദ്യാഭ്യാസ വകുപ്പാണെന്നും മേയർ പറഞ്ഞു.
Content Highlights: Ruling MLA Rajan J Pallan and Mayor Niji Justin slammed education officials over severe organizational lapses at the State School Games in Thrissur after a temporary structure collapsed, injuring students.