കാലുപിടിച്ചാലും അവധിയില്ല; തൃശ്ശൂർ റൂറൽ എസ്.എച്ച്.ഒമാർ കടുത്ത മാനസികസമ്മർദത്തിൽ

തൃശ്ശൂർ: അവധി അനുവദിക്കാത്തതിനാൽ സി.പി.ഒ. ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തീരദേശപോലീസ് ബോട്ട് കമാൻഡർ ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്ത തൃശ്ശൂർ റൂറൽ പോലീസിൽ അവധി കിട്ടാതെ എസ്.എച്ച്.ഒ.മാർ മാനസികസമ്മർദത്തിൽ.
ഡ്യൂട്ടി അവധിയും ആഴ്ച അവധിയുംപോലും അനുവദിക്കാതെ റൂറൽ പോലീസ് മേധാവി പീഡിപ്പിക്കുകയാണെന്നുകാണിച്ച് നിരവധി എസ്.എച്ച്.ഒ.മാർ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന് പരാതി നൽകി. റൂറൽ പോലീസിലെ മാനസികപീഡനം കാരണം കാണിച്ചാണ് വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സി.പി.ഒ. ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഓഫും അവധിയും അനുവദിക്കുന്നതിനായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ റൂറൽ എസ്.പി. മാറ്റിയതോടെയാണ് എസ്.എച്ച്.ഒ.മാരും പ്രതിസന്ധിയിലായത്. സാധാരണയായി സി.പി.ഒ.മാർക്ക് എസ്.ഐയും എസ്.ഐമാർക്ക് എസ്.എച്ച്.ഒ.മാരും എസ്.എച്ച്.ഒ.മാർക്ക് ഡിവൈ.എസ്.പി.മാരുമാണ് അവധി അനുവദിക്കേണ്ടത്. മേൽജീവനക്കാർ നേരിട്ടുള്ള അനുമതി വാങ്ങാതെ ആർക്കും അവധി അനുവദിക്കരുതെന്ന് റൂറൽ എസ്.പി. വാക്കാൽ നിർദേശം നൽകിയതോടെ എസ്.എച്ച്.ഒ.മാർ അടക്കമുള്ളവർ വെട്ടിലായി.
കീഴ്ജീവനക്കാർക്ക് അവധി നൽകാൻ ഇത് തടസ്സമായി. ഇതിനിടെ എസ്.എച്ച്.ഒ.മാർക്ക് അവധി അനുവദിക്കുന്നതിനുള്ള അവകാശം ഡിവൈ.എസ്.പി.മാരിൽനിന്ന് എസ്.പി. ഏറ്റെടുത്തു. അതോടെ അവധി കിട്ടാക്കനിയായി.
വിദൂരസ്ഥലങ്ങളിൽനിന്ന് റൂറൽ പോലീസിൽ ജോലിചെയ്യുന്ന എസ്.എച്ച്.ഒ.മാർക്ക് മൂന്നാഴ്ച കൂടുമ്പോൾ പോലും ഒരു ദിവസം അവധി കിട്ടി നാട്ടിൽ പോകാൻപോലും കഴിയാതായി. ഇക്കാര്യമെല്ലാം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന് നൽകിയ പരാതിയിലുണ്ട്.
നേരിട്ടെത്തി അവധിക്കുള്ള കാര്യം പറയുക, കാണാനെത്തിയാൽ മണിക്കൂറുകളോളം കാത്തുനിർത്തുക, അവധിക്കുള്ള കാര്യം ചോദിച്ച് അവഹേളിക്കുക, ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞാൽ ശിക്ഷിക്കുക തുടങ്ങി സഹിക്കാനാകാത്ത തരത്തിലുള്ള നടപടിയാണ് എസ്.പി.യുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും പരാതിയിലുണ്ട്. നിരവധി എസ്.എച്ച്.ഒ.മാരാണ് പരാതി നൽകിയിരിക്കുന്നത്.
Content Highlights: Thrissur Rural SHOs are under severe mental stress due to denial of leave, impacting well-being and leading to critical incidents. Learn more about the situation.