‘എൻ രാസാ എന്നെ വിട്ട് പോയിലയേ...’; മോർച്ചറിപരിസരത്തെ കീറിമുറിച്ച് അമ്മക്കണ്ണീർ

തൃശ്ശൂർ: ‘എൻ രാസാ എന്നെ വിട്ട് പോയിലയേ...’ ജീവയുടെ അമ്മ മിഥിലയുടെ കരച്ചിൽ മെഡിക്കൽ കോളേജ് മോർച്ചറിപരിസരത്തെ കീറിമുറിച്ചു. ഇങ്ങനെ അമ്മസങ്കടങ്ങൾ മഹാമാരിയായി പെയ്തിറങ്ങി, മെഡിക്കൽ കോളേജ് പരിസരത്ത്. വെള്ളിയാഴ്ച രാത്രി കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലുണ്ടായ അപകടത്തിൽ പൊലിഞ്ഞ എട്ട് വിദ്യാർഥികളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അലറിക്കരച്ചിൽ എങ്ങും മുഴങ്ങി. ‘എന്ന ചെയ്യപ്പോരെ’ സൂര്യയുടെ അമ്മ മീനാകുമാരിയുടെയും അച്ഛൻ ഇയ്യപ്പന്റെയും സഹോദരൻ ഹരിഹരന്റെയും നിലവിളി. ഇയ്യപ്പൻ നിലത്തുവീണുകിടന്ന് കരഞ്ഞു. നിയന്ത്രിക്കാൻ കൂടെയുള്ളവർ ബുദ്ധിമുട്ടി.
അടുത്ത ബന്ധുക്കളായ സൂര്യയുടെയും ജീവയുടെയും അമ്മമാർ കണ്ടുമുട്ടിയപ്പോൾ കൂട്ടക്കരച്ചിൽ. സന്തോഷിന്റെ അച്ഛൻ ഗോകുലകൃഷ്ണനും അമ്മ മീനയും ഉള്ളുവിങ്ങിയും ഇടയ്ക്കെല്ലാം അണപൊട്ടിയും മോർച്ചറിപരിസരത്ത് നിന്നു. യുവസഞ്ജിത്തിന്റെ അച്ഛൻ കാർത്തികേയന്റെയും ബന്ധുക്കളുടെയും വേദന വാക്കുകൾക്കതീതമായി.
രാവിലെ മുതൽ സങ്കടങ്ങളുടെ ഒഴുക്കായിരുന്നു മോർച്ചറിപരിസരത്തേക്ക്. ഓരോരുത്തരുടെയും ബന്ധുക്കൾ വരുമ്പോഴും ദുഃഖം ആഞ്ഞടിച്ചു. രാവിലെ എട്ടുമണിമുതൽ വൈകീട്ടുവരെ ഇത് ആവർത്തിച്ചുകൊണ്ടിരുന്നു. അത്തയും മാമയും മുത്തശ്ശിയുമുൾപ്പെടെയുള്ളവരുമായാണ് പല കുടുംബങ്ങളുമെത്തിയത്.
‘കണ്ണാ... സ്വാമീ....’ മോനെയും ദൈവത്തെയും മാറിമാറി വിളിച്ചുള്ള കരച്ചിലുകൾ എങ്ങും മുഴങ്ങി. പുലർച്ചെ രണ്ടുമണിക്കും മറ്റുമാണ് പല കുടുംബങ്ങളിലേക്കും ദുരന്തവിവരമെത്തുന്നത്. ഇട്ടവേഷവുമായി ഓടിപ്പോന്നവരായിരുന്നു പലരും. ഇടിവെട്ടുംപോലെ ദുരന്തവാർത്ത കേട്ടതിന്റെ മരവിപ്പ് എല്ലാ മുഖങ്ങളിലും കാണാമായിരുന്നു.
മൃതദേഹങ്ങൾ ഏറ്റുവാങ്ങി ആംബുലൻസിൽ കയറ്റുമ്പോഴും ആർത്തനാദങ്ങൾ മുഴങ്ങി. 10.40-ന് യുവസഞ്ജിത്തിന്റെ മൃതദേഹമാണ് ആദ്യം നാട്ടിലേക്ക് യാത്രയായത്. 11.40-ന് സന്തോഷിന്റെ മൃതദേഹവും വീട്ടുകാർക്ക് വിട്ടുകൊടുത്തു. ബന്ധുക്കൾ അപ്പോഴും എത്തിക്കൊണ്ടിരുന്നു. 12.10-ഓടെ ജോഷ്വായുടെ അമ്മ ഹിൽഡയും അച്ഛൻ ജോൺസണുമടങ്ങുന്ന സംഘം എത്തി. നിയന്ത്രിച്ചിട്ടും പൊട്ടിപ്പുറത്തേക്കുവീണ കരച്ചിലുമായാണ് ഇവർ നിന്നത്. വൈകാതെ ഇവർ മകന്റെ മൃതദേഹവുമായി മടങ്ങി.
12.21-നാണ് സൂര്യയുടെ മൃതദേഹവുമായുള്ള യാത്ര ബന്ധുക്കൾ ആരംഭിച്ചത്. 12.55-ന് വിശ്വയുടെ മൃതദേഹവും മെഡിക്കൽ കോളേജ് വിട്ടു. പ്രസന്നയുടെ മൃതദേഹം മൂന്നരയോടെ അമ്മയും അച്ഛനുമുൾപ്പെടെയുള്ളവരെത്തി കൊണ്ടുപോയി. മുരളീകൃഷ്ണന്റെ മൃതദേഹം വൈകീട്ട് 5.45-ഓടെ നാട്ടിലേക്ക് തിരിച്ചു.
Content Highlights: Parents and relatives of eight students who died in a tragic road accident in Kaipamangalam, Thrissur, gathered at the medical college mortuary in deep grief to receive the bodies of their loved ones.