പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്.
മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കാത്തതിനെത്തുടർന്ന് ഫണ്ട് ലഭ്യമാകുന്നതിന് നേരത്തെ കാലതാമസം നേരിട്ടിരുന്നു. എന്നാൽ, തൃശ്ശൂരിന്റെ സാംസ്‌കാരിക പെരുമയ്ക്കും ഈ പരമ്പരാഗത കലാരൂപത്തിനും ഒരു തടസ്സവുമുണ്ടാകരുതെന്ന ആഗ്രഹത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൽനിന്ന് തുക ലഭ്യമാക്കാൻ ഇടപെട്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ലോകപ്രസിദ്ധമായ നമ്മുടെ പുലികളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായിരിക്കുന്നു! മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തതുകാരണം ഫണ്ട് ലഭിക്കുന്നത് വൈകിയിരുന്നെങ്കിലും, തൃശ്ശൂരിന്റെ സാംസ്‌കാരിക പെരുമയ്ക്കും ഈ കലാരൂപത്തിനും ഒരു തടസ്സവും വരാൻ പാടില്ല എന്ന ആഗ്രഹത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സർക്കാരിൽനിന്ന് അനുമതി ലഭ്യമാക്കുകയായിരുന്നു.
ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉറപ്പിന്റെയും അണ്ടർടേക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണമായി അനുവദിച്ചിരിക്കുന്നത്.
നമ്മുടെ പൊന്നോണത്തിന് പുലിക്കളിയുടെ വർണപ്പൊലിമ കൂട്ടാനും നമ്മുടെ തനത് സംസ്‌കാരത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്താനും ഈ തുക വലിയൊരു കരുത്താകും. സാംസ്‌കാരിക നഗരത്തിന്റെ അഭിമാനമാണ് പുലികളി; അതിനെ നെഞ്ചിലേറ്റാൻ നിങ്ങൾക്കൊപ്പം എന്നും ഞാനുമുണ്ട്.
Content Highlights: Central government officially approved funding for Pulikali groups in Thrissur., Union Minister Suresh Gopi intervened to clear the delayed funds as a special case.