കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, മറിഞ്ഞു; ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: അയ്യന്തോളിൽ സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. എൽത്തുരുത്ത് സ്വദേശി ഏബൽ ആണ് മരിച്ചത്. തൃശ്ശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജങ്ഷനിലായിരുന്നു അപകടം.
കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് താഴെവീഴുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. കുന്നംകുളം റൂട്ടിൽ ഓടുന്ന ബസ് ആണ് ഏബലിന്റെ ശരീരത്തിൽ കയറിയിറങ്ങിയത്. റോഡിന്‍റെ അപകടനിലയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
അയ്യന്തോളിൽനിന്ന് പുഴക്കൽ ഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്. രണ്ടാഴ്ച മുമ്പ് തൃശ്ശൂർ എംജി റോഡിൽ കോർപ്പറേഷൻ റോഡിലെ കുഴിയിൽ വീണ് പൂങ്കുന്നം സ്വദേശിയായ വിഷ്ണുദത്ത് എന്ന യുവാവ് മരിച്ചിരുന്നു.
Content Highlights: Fatal Accident in Thrissur: Pothole Claims Life