‘ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോർട്ട്’; പൂരം കലക്കലിൽ തുടരന്വേഷണത്തിന് സാധ്യത, കരുതലോടെ സർക്കാർ

തിരുവനന്തപുരം: തൃശ്ശൂർപ്പൂരം കലക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോർട്ടിൽ കരുതലോടെ സർക്കാർ. എ.ഡി.ജി.പി.യായിരുന്ന എം.ആർ. അജിത് കുമാറിനെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും വെള്ളപൂശിയുള്ള റിപ്പോർട്ടിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകില്ല. റിപ്പോർട്ട് തള്ളി പുനരന്വേഷണമോ തുടരന്വേഷണമോ നിർദേശിച്ചേക്കാം. പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്്.
പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികളടക്കം എട്ടുപേരാണ് പ്രതികൾ. ഇത് ഏകപക്ഷീയമാണെന്നാരോപിച്ച് ദേവസ്വം രംഗത്തെത്തിയിട്ടുണ്ട്്. പാറമേക്കാവ് ദേവസ്വം പോലീസുമായി സഹകരിച്ചെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്വേഷണപരിധിയിൽ എല്ലാവിഷയവും വന്നിട്ടുണ്ടോയെന്ന് സർക്കാരിനു പരിശോധിക്കാം. ഉദ്യോഗസ്ഥതലത്തിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടായോ എന്നത് പരിഗണിച്ചിട്ടില്ലെങ്കിൽ ചൂണ്ടിക്കാട്ടാം. വ്യക്തത തേടുകയോ തുടരന്വേഷണമോ നിർദേശിക്കാം.
ബി.ജെ.പി.ക്ക് രാഷ്ട്രീയനേട്ടത്തിന് അജിത് കുമാറിന്റെ നേതൃത്വത്തിൽ ആസൂത്രിതമായി പൂരം കലക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. പോലീസ് ലാത്തിവീശിയതും ഗൂഢാലോചനയും തള്ളിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അജിത് കുമാർ നൽകിയ റിപ്പോർട്ടിന് സമാനമാണ് ഇതെന്നും ആരോപണമുണ്ട്.
അജിത് കുമാറിന് വീഴ്ചയുണ്ടെന്നായിരുന്നു മുൻ പോലീസ് മേധാവി ദർവേഷ് സാഹിബിന്റെ അന്വേഷണത്തിൽ നേരത്തേ കണ്ടെത്തിയിരുന്നത്. എൽ.ഡി.എഫ്. ഭരണകാലത്ത് ഇതിൽ നടപടിയുണ്ടായിരുന്നില്ല. ഇതും സർക്കാർ പരിശോധിച്ചേക്കും.
Content Highlights: Crime Branch report clears ADGP M.R. Ajith Kumar and other police officers in the Thrissur Pooram disruption., Kerala government is cautious and likely to order a reinvestigation or further inquiry., Thiruvambadi Devaswom opposes the report, calling the framing of eight accused as one-sided., Congress alleges a planned conspiracy led by Ajith Kumar to benefit BJP politically.