പൂരം കലക്കൽ: കെ. രാജന്റെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം, നിയമസഭാ സമ്മേളനം കഴിയട്ടെയെന്ന് മന്ത്രി

റവന്യൂ മന്ത്രി കെ. രാജൻ | ഫോട്ടോ: അഖിൽ ഇ.എസ് \ മാതൃഭൂമി
റവന്യൂ മന്ത്രി കെ. രാജൻ | ഫോട്ടോ: അഖിൽ ഇ.എസ് \ മാതൃഭൂമി

തൃശൂര്‍: പൂരം കലക്കല്‍ അന്വേഷണത്തില്‍ റവന്യൂമന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എം.ആർ.അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ  ഭാ​ഗമായാണ് മൊഴിയെടുപ്പ്. നിയമസഭാ സമ്മേളനം നടന്നുവരികയാണെന്നും അതുകഴിഞ്ഞശേഷം മൊളിയെടുക്കാനുള്ള സമയം അനുവദിക്കാമെന്നാണ് മന്ത്രി 
അന്വേഷണോദ്യോ​ഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഡിജിപി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. എം.ആർ. അജിത് കുമാറിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇനി എം.ആർ. അജിത്കുമാറിന്റെയും മന്ത്രി കെ. രാജന്റെയും മൊഴികൂടിയാണ് എടുക്കാൻ ബാക്കിയുള്ളത്. ഇതിനുശേഷം അന്വേഷണറിപ്പോർട്ട് സമർപ്പിക്കും.

തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബിന്റെ റിപ്പോര്‍ട്ട് സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എഡിജിപിക്കെതിരേയുള്ള നിരവധി പരാമര്‍ശങ്ങള്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എഡിജിപിക്ക് വീഴ്ച സംഭവിച്ചെന്നും തൃശ്ശൂരിലുണ്ടായിരുന്നിട്ടും അദ്ദേഹം പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഇക്കാര്യങ്ങൾ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 

നേരത്തേ തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കിയിരുന്നു.

Content Highlights: Thrissur Pooram chaos intensifies. Revenue Minister K. Rajan`s statement will be recorded