താളലയങ്ങളുടെ ലോകംതീർത്ത് ഇലഞ്ഞിത്തറ മേളം; കടുത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങൾ, ആവേശത്തിൽ പൂരനഗരി

#ന്യൂസ് ഡെസ്ക്
Photo: Screengrab/ MBI News
Photo: Screengrab/ MBI News

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നായ ഇലഞ്ഞിത്തറ മേളം പുരോഗമിക്കുന്നു. കഠിനമായ ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് ആളുകളാണ് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള വാദ്യവിരുന്ന് ആസ്വദിക്കാൻ എത്തിയത്.

തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഏറ്റവും പ്രധാന വാദ്യവിശേഷമാണ് ഇലഞ്ഞിത്തറമേളം. ഏഴു പതിറ്റാണ്ടോളമായി വാദ്യരംഗത്ത് സക്രിയ സാന്നിധ്യമായ കിഴക്കൂട്ട് അനിയൻ മാരാരാണ് ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണ്യം വഹിക്കുന്നത്. മേളപ്രമാണികളും വാദ്യക്കാരും ഒത്തുചേർന്ന് താളലയങ്ങളുടെ ലോകം തീർക്കുമ്പോൾ അത് കാണികളിൽ വലിയ ആവേശം നിറയ്ക്കുന്നു.

അടുക്കോടും ചിട്ടയോടുംകൂടി കൃത്യസമയത്ത് തുടങ്ങുകയും ക്രമാനുഗതമായി കൊട്ടികൂർപ്പിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കുകയും ചെയ്യുന്ന ഇലഞ്ഞിത്തറമേളം ഏറെ പ്രശസ്തമാണ്. കൂടുതൽ കലാകാരന്മാരും കൂടുതൽ സമയവും എന്നതിലുപരി ചിട്ടയോടെ നടക്കുന്ന പാണ്ടിമേളമാണ് ഇലഞ്ഞിത്തറമേളം. രൗദ്രതയാർന്ന പാണ്ടിമേളത്തിനു മുന്നോടിയായി അവതരിപ്പിക്കുന്ന ചെമ്പടമേളമാണ് പാറമേക്കാവിനു മുൻപിൽ അവതരിപ്പിക്കുന്നത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരദിനത്തിലേക്ക് ഉണർന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. ഉച്ചയ്ക്ക് രണ്ടിനാണ് 250 കലാകാരൻമാർ അണിനിരന്ന ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.

Content Highlights: Elanjithara Melam performed amidst extreme heat by thousands of spectators., Led by renowned maestro Kizhakkoot Aniyan Marar., Showcases the artistic precision of Pandimelam and Chempadamelam., Event held with ritualistic focus following the Mundathikkode fireworks accident.