ഇത്തവണ തൃശ്ശൂർ പൂരത്തിന് സുരക്ഷ ശക്തമാക്കും; മേല്‍നോട്ടം ഡിജിപിക്കും കളക്ടര്‍ക്കും

തൃശ്ശൂര്‍: കഴിഞ്ഞ വര്‍ഷം പൂരം അലങ്കോലപ്പെട്ടതും കോടതിവിധികളും പരിഗണിച്ച് ഇത്തവണ പൂരം മുന്നൊരുക്കവും നടപടികളും ശക്തം. നടത്തിപ്പിന്റെ പൂര്‍ണചുമതല ഇത്തവണ ജില്ലാ ഭരണകൂടത്തിനാണ്. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി സുരക്ഷയും പൊതുജനങ്ങളുടെ സൗകര്യവുമൊരുക്കും. കേന്ദ്ര ഏജന്‍സികളുടെ സഹായവും സഹകരണവും ഉണ്ടാകുമെന്നാണു സൂചന. മേയ് ആറിനാണു പൂരം.
കുടമാറ്റം കാണാന്‍ ഒരുക്കുന്ന വിഐപി ഗാലറികളില്‍ വിദേശികളെ മാത്രമാണ് പ്രവേശിപ്പിക്കുക. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഇവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് പൂരം അവലോകനയോഗം തീരുമാനിച്ചു. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.
എങ്കിലും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിഐപികള്‍ക്ക് കുടമാറ്റം-വെടിക്കെട്ട് സമയത്ത് നാമമാത്രമായ പരിഗണന ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുടമാറ്റവും വെടിക്കെട്ടും ആസ്വദിക്കാന്‍ കഴിയുന്ന സൗകര്യമുള്ള സ്വരാജ് റൗണ്ടിലെ വലിയ കെട്ടിടങ്ങളില്‍ ഇവര്‍ക്ക് പരിമിതസൗകര്യം ഒരുക്കിയേക്കും. ഇതിനായി ജില്ലാഭരണകൂടം സ്വരാജ് റൗണ്ടിലെ വലിയ കെട്ടിടങ്ങളുടെ ഉടമകളുമായി സംസാരിച്ച് ധാരണയിലെത്തും.
വിഐപികള്‍ക്കായി പ്രത്യേക പവിലിയന് ഒരുക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന് താത്പര്യമുണ്ട്. എന്നാല്‍, ഇതിന് പോലീസിന്റെ അനുമതി വേണം. പവിലിയന് വേണോ എന്ന കാര്യവും എവിടെ നിര്‍മിക്കണമെന്ന കാര്യവും പോലീസാണ് തീരുമാനിക്കുക. അനുമതി തേടി കത്ത് നല്കാന് ദേവസ്വം തീരുമാനിച്ചു.
വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് പതിനെണ്ണായിരം പേരെ പ്രവേശിപ്പിക്കാനും തീരുമാനമുണ്ട്. വെടിക്കെട്ട് ഒരുക്കുന്ന സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ ജില്ലാഭരണകൂടം പാസ് അനുവദിക്കുക.
പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ നല്കുന്ന പട്ടിക അനുസരിച്ചാണ് ഇതനുവദിക്കുക. വെടിക്കെട്ടില്‍ കരിമരുന്ന് ഒരുക്കുന്നവരുടെ പട്ടിക നല്കാന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. 300 പേരുടെ പട്ടികയാണ് ചോദിച്ചിരിക്കുന്നത്.
ആനക്കാര്യത്തില്‍ വനംവകുപ്പ് ഉദാരസമീപനം സ്വീകരിക്കണം - മന്ത്രി
തൃശ്ശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഉദാരസമീപനം വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മന്ത്രി കെ. രാജന്. ചട്ടങ്ങളും നിയമങ്ങളും കാലാകാലങ്ങളില്‍ മാറിവരുന്നതുകൊണ്ട് ആനയുടമസ്ഥര്‍ ആനയെ വിട്ടുതരാന്‍ മടിക്കുന്ന സാഹചര്യമുണ്ട്. പാപ്പാന്മാരുടെ വിവരങ്ങള്‍ പോലീസിന് നല്കുന്നതില് ആനയുടമകള്ക്കു ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എക്സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി കെ. രാജന്. ആനകളുടെ പരിശോധനാസമയം നീട്ടണമെന്ന് യോഗത്തില്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. ജില്ലാ നിരീക്ഷണസമിതി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ അധിക സ്ക്വാഡിനെ നിയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കും.
പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഭയാശങ്കയില്ലാതെ പൂരം കാണാന്‍ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
സുരക്ഷയൊരുക്കാന്‍ പൂരം കമ്മിറ്റിയും ആന ഉടമസ്ഥരും സഹകരിക്കണം. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിരീക്ഷിക്കണം. ആനയെഴുന്നള്ളിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വനംവകുപ്പ് എറണാകുളം സെന്‍ട്രല്‍ റീജന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്ദു വിജയന് യോഗത്തില്‍ വിശദീകരിച്ചു. ഇത്തവണ പൂരത്തിന് വനംവകുപ്പിന്റെ ആര്‍ആര്‍ടി ടീമും രംഗത്തുണ്ടാകുമെന്നും സിസിഎഫ് അറിയിച്ചു. കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ, ഡിഎഫ്ഒ രവികുമാര്‍ മീണ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി. മേനോന്, വിവിധ വകുപ്പുദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ആന ഉടമകളുടെ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: Thrissur Pooram 2024 boasts heightened security measures under the direct supervision of the DGP and