വാഹനമിടിപ്പിച്ചത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ–പോലീസിനെതിരെ ആരോപണവുമായി പരിക്കേറ്റ യുവാവിന്റെ അമ്മ

തൃശ്ശൂർ: പോലീസ് വാഹനം യുവാക്കളുടെ ബൈക്കിൽ ഇടിച്ച സംഭവം സാധാരണ വാഹനാപകടമല്ലെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബോധപൂർവ്വം ഇടിപ്പിച്ചതാണെന്നും പരിക്കേറ്റ യുവാവിന്റെ മാതാവ്. ജൂലൈ 16-ന് നടന്ന സംഭവത്തിൽ പരിക്കേറ്റ അമൽ എന്ന യുവാവിന്റെ അമ്മ പ്രസന്നയാണ് തൃശ്ശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. സംഭവത്തിൽ നാല് പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പോലീസുകാരുടെ ഗുരുതരമായ സംഭാഷണങ്ങളടങ്ങിയ നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് കുടുംബം ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നത്.
സംഭവദിവസം അമലും സുഹൃത്തുക്കളായ വിഷ്ണു, അഭിഷേക് എന്നിവരും ബൈക്കിൽ സഞ്ചരിക്കുമ്പോൾ വഴിയിൽ വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും പേടി കാരണം ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് പോലീസ് ജീപ്പ് ഇവരെ പിന്തുടരുകയും, വേഗതയിൽ വന്ന് ബൈക്കിന്റെ പിന്നിൽ ഇടിപ്പിക്കുകയുമായിരുന്നു. ഇടിച്ച ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബൈക്കിന് പിന്നിലിരുന്ന അഭിഷേകിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അഞ്ചുദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയേണ്ടിവന്നു.
പോലീസ് പിടിച്ചെടുത്ത അമലിന്റെ ഐഫോണിൽ ഓട്ടോ റെക്കോർഡ് ആയ ശബ്ദരേഖയും ദൃശ്യങ്ങളുമാണ് പോലീസിന്റെ പങ്ക് തുറന്നുകാട്ടുന്ന പ്രധാന തെളിവായി അമ്മ പുറത്തുവിട്ടത്. "വാഹനത്തിന്റെ വേഗത അല്പം കൂടി കൂട്ടിയിരുന്നുവെങ്കിൽ യുവാക്കൾ അപ്പോൾ തന്നെ ചത്തേനെ" എന്ന് പോലീസുകാരൻ ആ സംഭാഷണത്തിൽ പറയുന്നുണ്ട്. അപകടത്തിൽപ്പെട്ട യുവാക്കളെ ആശുപത്രിയിലാക്കണോ എന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിക്കുമ്പോൾ, അങ്ങോട്ട് പോയാൽ അപകടത്തിന് പിന്നിൽ നമ്മളാണെന്ന് മനസ്സിലാകുമെന്നും അതിനാൽ പോകേണ്ടതില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ മറുപടി നൽകുന്നതും ശബ്ദരേഖയിലുണ്ട്.
സംഭവത്തിൽ പുതുക്കാട് സ്റ്റേഷനിലെ എസ്.എച്ച്.ഒ. മഹേഷ്, സി.പി.ഒമാരായ യദുകൃഷ്ണൻ, നവീൻ കുമാർ, ഫൈസൽ എന്നീ നാല് പോലീസുകാരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നത്. പ്രസന്ന നൽകിയ പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ട ജില്ലാ പോലീസ് മേധാവി (എസ്.പി) ആരോപണവിധേയരായ പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് ഉണ്ടായിട്ടും വരന്തരപ്പിള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്ന് അമ്മ ആരോപിക്കുന്നു.
മക്കൾക്ക് നീതി ലഭിക്കുന്നതിനായി എ.ഡി.ജി.പി, തൃശ്ശൂർ ഡി.ഐ.ജി., എസ്.പി എന്നിവർക്ക് മെഡിക്കൽ റിപ്പോർട്ടുകളും പെൻഡ്രൈവിലാക്കിയ വീഡിയോ തെളിവുകളും സഹിതം നേരിട്ട് പരാതി നൽകിയിരുന്നതായി പ്രസന്ന പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ സമ്മതിക്കുകയും തങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പ്രാദേശിക പോലീസ് സ്റ്റേഷൻ തലത്തിൽ എഫ്.ഐ.ആർ ഇടാനോ തുടരന്വേഷണം ആരംഭിക്കാനോ ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയായിരുന്നു.
പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന അതീവ ഗുരുതരമായ തെളിവുകളായതിനാൽ ഈ വീഡിയോ ദൃശ്യങ്ങൾ പൊതുമധ്യത്തിൽ പുറത്തുവിടരുതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആദ്യം അഭ്യർത്ഥിച്ചിരുന്നതായി പ്രസന്ന പറയുന്നു. നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുള്ളതിനാലാണ് രണ്ടുമാസത്തോളം ഈ ദൃശ്യങ്ങൾ പുറത്തുവിടാതെ സൂക്ഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തടസ്സം നിൽക്കുകയും നീതി നിഷേധിക്കുകയും ചെയ്തതോടെയാണ് മറ്റ് വഴികളില്ലാതെ മാധ്യമങ്ങൾക്ക് മുന്നിലേക്ക് തെളിവുകളുമായി വരേണ്ടിവന്നതെന്ന് പ്രസന്ന പറഞ്ഞു.