കുന്നംകുളത്തിന് പിന്നാലെ പീച്ചിയിലും 'ഇടിമൈത്രി'; പോലീസിന് തലവേദന; പണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്

കെ.പി. ഔസേപ്പിനെയും മകനെയും പോലീസ് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം | Photo: special arrangement
കെ.പി. ഔസേപ്പിനെയും മകനെയും പോലീസ് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം | Photo: special arrangement

തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് മര്‍ദനം വിവാദമായതിനു പിന്നാലെ പീച്ചി പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യവും പുറത്ത്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍വെച്ച് എസ്ഐ പി.എം. രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. മാനേജര്‍ റോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയുമാണ് മര്‍ദിച്ചത്. പോള്‍ ജോസഫിനെ ലോക്കപ്പിലിടുകയും ഔസേപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ ആക്രോശിക്കുകയും ചെയ്തിരുന്നു. ഫ്‌ളാസ്‌കുകൊണ്ടും അടിക്കാന്‍ ശ്രമിച്ചിരുന്നതായി ഔസേപ്പ് പറഞ്ഞു.

2023 മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് ദൃശ്യങ്ങള്‍ കിട്ടിയത്.

കുന്നംകുളത്തിന് പിന്നാലെ പീച്ചിയും; പോലീസിന് തലവേദന
തൃശ്ശൂര്‍: കുന്നംകുളം സംഭവത്തിനുപിന്നാലെ പോലീസ് സ്റ്റേഷനിലെ പോലീസ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പുറത്തുവന്നത് പോലീസിന് തലവേദനയാകുന്നു. വിവരാവകാശനിയമപ്രകാരം പോലീസ്സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യമായി കിട്ടുന്നത് പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പിനാണെങ്കിലും കുന്നംകുളം സംഭവത്തിനുശേഷമാണ് ഇവര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷും സഹോദരന്റെ മകന്‍ ജിനീഷും ചേര്‍ന്ന് ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള പട്ടിക്കാട് സെന്ററിലെ ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ എത്തുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയുമായിരുന്നു. ഇതിന്റെ കാര്യത്തിനായി പീച്ചി സ്റ്റേഷനിലെത്തിയ ലാലീസ് മാനേജരെയും ഡ്രൈവറെയും എസ്‌ഐ പി.എം. രതീഷ് മര്‍ദിച്ചു. ഭയന്ന ഔസേപ്പ് പരാതിക്കാരനുമായി ഒത്തുതീര്‍പ്പുചര്‍ച്ച നടത്തുകയും കേസ് പിന്‍വലിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുകയും ചെയ്തു. പണം നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകള്‍ പലയിടത്തും നല്‍കിയെങ്കിലും ആദ്യം ലഭിച്ചില്ല. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യങ്ങള്‍ കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവില്‍ വിവരാവകാശക്കമ്മിഷനുതന്നെ അപ്പീല്‍ നല്‍കുകയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയും ചെയ്തു. അപ്പോഴാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായത്.

മര്‍ദനദൃശ്യങ്ങള്‍ പുറത്തായിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുകയാണ് അധികൃതര്‍. അസിസ്റ്റന്റ് കമ്മിഷണര്‍, കമ്മിഷണര്‍, ഡിഐജി, ഐജി തുടങ്ങിയവരെല്ലാം കുറ്റക്കാര്‍ക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ല. മര്‍ദിച്ച എസ്ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവം നടന്ന് രണ്ടുവര്‍ഷത്തിലേറെയായിട്ടും മര്‍ദിച്ചവര്‍ക്കെതിരായ നടപടിക്കായി കാത്തിരിക്കുകയാണ് ഇപ്പോഴും പരാതിക്കാര്‍.

Content Highlights: CCTV footage reveals police brutality at Peechi Station in Thrissur, Kerala.