അടുക്കളയിൽ ഗ്യാസ് സിലിണ്ടർ തുറന്ന നിലയിൽ; നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: മേലൂരിൽ നഴ്സിനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പന്ത്രണ്ടാം വാർഡിൽ ഹൈസ്കൂളിന് സമീപം കിഴക്കനേടത്ത് മിനു ജിബിൻ(37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അടുക്കളയിലെ പാചക വാതക സിലിണ്ടർ ഓണാക്കിയ നിലയിലായിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന മിനു. മിനുവിന്റെ ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർത്താവിന്റെ അമ്മ മേരിക്കൊപ്പമാണ് ഇവർ മേലൂരിലെ വീട്ടിൽ താമസിച്ചിരുന്നത്. എയ്ഞ്ചലീന, അന്റോണിയോ എന്നിവരാണ് ഇവരുടെ മക്കൾ.
കൊരട്ടി പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനകൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ ഇടയ്ക്കിടെ വഴക്കുകൾ നടക്കാറുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. മിനുവിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)