കാണാതായ രോഗി ആശുപത്രിയുടെ ശുചിമുറിയിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് 36 മണിക്കൂർ പഴക്കം, സംഭവം തൃശ്ശൂർ മെഡിക്കൽ കോളേജിൽ

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗിയുടെ മൃതദേഹം കിടന്നത് 36 മണിക്കൂർ. ഈ മാസം 19-ന് കാണാതായ വയോധികനെ മൂന്ന് ദിവസത്തിനുശേഷം മരിച്ചനിലയിൽ ആശുപത്രിയുടെ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. രോഗിയെ കാണാനില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഈ മാസം 16-ന് രോഗിയെ അഡ്മിറ്റ് ചെയ്തത്. 19-ന് രാത്രിയോടെ ഇയാളെ കാണാതാകുകയായിരുന്നു. രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരാരും ഉണ്ടായിരുന്നില്ല. 21-നാണ് മൃതദേഹം കണ്ടെത്തുന്നത്.
വാർഡിനുള്ളിൽതന്നെയുള്ള ശുചിമുറിയിലായിരുന്നു ഇയാൾ മരിച്ച് കിടന്നിരുന്നത്. ശുചിമുറി ഉള്ളിൽനിന്ന് പൂട്ടിയതിനാൽ ആളുണ്ടെന്ന് കരുതി ക്ലീനിങ് സ്റ്റാഫുകൾ ഇത് തുറന്ന് നോക്കിയിരുന്നുമില്ല.
കാണാതായതിന് പിന്നാലെ പോലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പിന്നീട് 21-ാം തീയതി സംശയത്തെ തുടർന്ന് ശുചിമുറി തുറന്ന് നോക്കിയപ്പോഴാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മൃതദേഹത്തിൽനിന്ന് ദുർഗന്ധം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Content Highlights: A missing patient's body was found inside a ward toilet at Thrissur Medical College., The body remained undiscovered for 36 hours after he went missing on the 19th and was found on the 21st., Post-mortem confirmed the cause of death as a heart attack., The toilet was locked from the inside, leading cleaning staff to assume no one was inside.