നാട്ടിക അപകടം; വാഹനമോടിച്ചവര്‍ തന്നെ തെറ്റുകാര്‍, പഴുതുകളില്ലാതെ നടപടി സ്വീകരിക്കും; മന്ത്രി

Photo: Mathrubhumi
Photo: Mathrubhumi

തൃശൂര്‍: നാട്ടികയില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മേല്‍ ലോറി കയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മന്ത്രി കെ. രാജന്‍. സംഭവത്തില്‍ മനപ്പൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നും പഴുതുകളില്ലാതെ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കണ്ണൂരില്‍ നിന്ന് തടി കയറ്റി പുറപ്പെട്ടതാണ് വാഹനം. മാഹിയില്‍ നിന്ന് മദ്യം വാങ്ങിയ ഡ്രൈവറും ക്ലീനറും അത് ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രാഥമികമായ പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വാഹനമോടിച്ചിരുന്നവരുടെ ഭാഗത്താണ് പൂര്‍ണമായ തെറ്റ് അവിടുത്തെ ഡിവൈഡര്‍ ഉള്‍പ്പടെയുള്ളവ ഇടിച്ച് തെറിപ്പിച്ചാണ് വാഹനം വന്നത്. 

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി രണ്ടുകുട്ടികളുള്‍പ്പെടെ 5 പേര്‍ മരിച്ചു

അതേസമയം, അപകടസ്ഥലത്ത് ആളുകള്‍ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പിന്നീട് പരിശോധിക്കും. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. 

ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കും. സര്‍ക്കാര്‍ തയ്യാറാക്കിയ വാഹനങ്ങളില്‍ അവരുടെ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ പാലക്കാട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ചികിത്സയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടം മേല്‍നോട്ടം നല്‍കുമെന്നും മന്ത്രി അറിയിച്ചു. 


 

Content Highlights: Thrissur Lorry Accident; Minister K. Rajan assures strict action against the culprits