തലച്ചോറ് പുറത്തുവന്ന കുഞ്ഞിനെ കൈയിലെടുത്ത് അച്ഛന്‍ കാലുപിടിച്ചു; പകച്ചുനിന്ന് ആഘോഷ്‌

#വി.ജി ഹരികുമാര്‍
നാട്ടിക അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളായ ഈശ്വരി, സുരേഷ് എന്നിവര്‍/ എന്‍.പി ആഘോഷ്‌ | Photo: Mathrubhumi
നാട്ടിക അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളായ ഈശ്വരി, സുരേഷ് എന്നിവര്‍/ എന്‍.പി ആഘോഷ്‌ | Photo: Mathrubhumi

തൃപ്രയാര്‍: ''എന്റെ മോനെ രക്ഷിക്കണം സാറേ''- തലച്ചോറ് പുറത്തുവന്ന നിലയില്‍ നാലുവയസ്സുകാരനെ കൈയിലെടുത്ത് അച്ഛന്‍ വന്ന് കാലുപിടിച്ചപ്പോള്‍ എന്‍.പി. ആഘോഷ് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി. അപകടമുണ്ടായ നാട്ടികയില്‍ ആദ്യമെത്തിയത് ആഘോഷാണ്. പുലര്‍ച്ചെ തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് പോകാനിറങ്ങിയതാണ്. നാട്ടിക സെന്ററില്‍നിന്ന് ദേശീയപാതയിലേക്ക് തിരിഞ്ഞപ്പോള്‍ ബൈപാസില്‍നിന്ന് ശബ്ദം കേട്ടു.

സ്‌കൂട്ടര്‍ അവിടേക്കെടുത്തപ്പോള്‍ ഒരു ലോറി വേഗത്തില്‍പ്പോകുന്നതു കണ്ടു. തൊട്ടുപിന്നാലെയാണ് കുട്ടിയുമായൊരാള്‍ എത്തിയത്. തൊട്ടപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവര്‍മാര്‍ വന്ന് ഒരു ലോറി ആള്‍ക്കാര്‍ക്കിടയിലൂടെ പോയെന്ന് പറഞ്ഞപ്പോഴാണ് ആഘോഷ് ആ ഭാഗത്തേക്ക് നോക്കിയത്. ചിതറിച്ചിന്നിയ ശരീര ഭാഗങ്ങളും നിലവിളിയും. പകച്ച ആഘോഷ് ആദ്യം പോലീസിനെ വിളിച്ചറിയിച്ചു.

തൊട്ടുപിന്നാലെ 108 ആംബുലന്‍സിലും വിളിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരച്ചിലും ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതും ഓര്‍മയില്‍ നിന്ന് പോകുന്നില്ലെന്ന് ആഘോഷ് പറഞ്ഞു.

ഓര്‍മ്മയില്‍ നടുക്കുംകാഴ്ചയുമായി അഫ്സല്‍

അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് തളിക്കുളം ആംബുലന്‍സ് സര്‍വീസാണ്. അഫ്സല്‍ തളിക്കുളം ആംബുലന്‍സുമായി എത്തിയപ്പോള്‍ മറ്റാരുമില്ല. ചതഞ്ഞരഞ്ഞ മൃതദേഹങ്ങളാണ് കണ്ടതെന്ന് അഫ്സല്‍ പറഞ്ഞു. മുതിര്‍ന്ന മൂന്നുപേരെ തിരിച്ചറിയാന്‍ തീരെ പറ്റാത്ത അവസ്ഥയിലായിരുന്നു. അവയവങ്ങളെല്ലാം പുറത്തായിരുന്നു. മരിച്ച ഒരു കുട്ടിയുടെ തല അടര്‍ന്നനിലയിലായിരുന്നുവെന്ന് അഫ്സല്‍ ഓര്‍ക്കുന്നു. ഈ കുട്ടിയുടെ മൃതദേഹവുമായാണ് അഫ്സല്‍ ജില്ലാ ആശുപത്രിയിലേക്കു പോയത്. തൊട്ടു പിന്നാലെ മറ്റ് ആംബുലന്‍സുകളുമെത്തി. വേഗത്തിലാണ് പിന്നെ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ചത്.

Content Highlights: thrissur lorry accident eyewitness talks about accident