ചോരയിൽ കുളിച്ച് ശരീരങ്ങൾ, മരണത്തോട് മല്ലടിക്കുന്നവർ; ഓടിയെത്തിയവർക്കു മുൻപിൽ നെഞ്ചുലയ്ക്കുന്ന കാഴ്ച

കയ്പമംഗലം (തൃശ്ശൂർ): രാത്രി പന്ത്രണ്ടുമണിയോടെ വാഹനങ്ങൾ കൂട്ടിയിടിക്കുന്ന ഉഗ്രശബ്ദം കേട്ടാണ് പരിസരവാസികൾ പനമ്പിക്കുന്നിലേക്ക് കുതിച്ചത്. ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ കാർ കണ്ടവർ പകച്ചുപോയി. കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ പലരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറും ലോറിയും വേർപ്പെടുത്താതെ ആരേയും പുറത്തെടുക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ ലോറി മുന്നോട്ടെടുപ്പിച്ച് രക്ഷാപ്രവർത്തനം തുടങ്ങി. കാറിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ ശരീരഭാഗങ്ങൾ. മരണത്തോട് മല്ലടിക്കുന്നവർ. ചീറ്റിയൊഴുകുന്ന രക്തം...
പുറത്തെടുത്തവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ആർക്കും ജീവന്റെ തുടിപ്പുണ്ടായിരുന്നില്ല. കാറോടിച്ചിരുന്നയാൾ കാറിനുള്ളിൽ ഡ്രൈവിങ് സീറ്റിനും ഡോറിനും ഇടയിൽ ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. ഇദ്ദേഹത്തെയും പിൻഭാഗത്ത് കുടുങ്ങിപ്പോയ മറ്റൊരാളെയും നാട്ടുകാർക്ക് പുറത്തെടുക്കാനായില്ല. ഫയർഫോഴ്‌സും പോലീസും എത്തി കാർ പൊളിച്ചുമാറ്റിയാണ് ഇവരെക്കൂടി പുറത്തെടുത്തത്. ഒരു മണിക്കൂർ വേണ്ടിവന്നു ഇതിന്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് എല്ലാവരെയും കൊണ്ടുപോയത്. അവിടെ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹങ്ങൾ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഒന്നിനുപിറകെ എട്ട് ആംബുലൻസുകളിൽ മൃതദേഹം കയറ്റി. തിരികെ അപകടം നടന്ന സ്ഥലത്തുകൂടിയാണ് ഇവ മെഡിക്കൽ കോളേജിലേക്ക് പോയത്.
രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരിൽ കയ്‌പമംഗലത്ത് ഓട്ടോറിക്ഷ ഡ്രൈവറായ നസ്റുദ്ദീനും ഉണ്ടായിരുന്നു. നെഞ്ചുലയ്ക്കുന്ന കാഴ്ചയിൽനിന്ന് മോചനം നേടാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ‘‘സുഹൃത്തുക്കളോടൊപ്പം ആഹാരം കഴിക്കാൻ പോയി മടങ്ങി വരുമ്പോഴാണ് വാഹനാപകടം കാണുന്നത്. ഞാൻ സ്ഥലത്ത് എത്തുമ്പോൾ ആളുകളെല്ലാം പേടിച്ചു നിൽക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും വന്നിട്ടില്ല. ലോറിയിലേക്ക് ഇടിച്ചു കയറി തകർന്ന അവസ്ഥയിലായിരുന്നു കാർ. കാറിനുള്ളിൽ ഉണ്ടായിരുന്നവരുടെ അവസ്ഥ കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. ആറുപേരെ നാട്ടുകാരെല്ലാം ചേർന്ന് കാറിൽനിന്ന് പുറത്തെടുത്തു. കാറിന്റെ നടുവിലുള്ള സീറ്റിൽ ഇരുന്ന ഒരാൾ ഡ്രൈവിങ് സീറ്റിനിടയിൽ കുടുങ്ങികിടക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് രണ്ടുപേരെ പുറത്തെടുത്തത്. പലരുടെയും ശരീരഭാഗങ്ങൾ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലായിരുന്നു. ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്നു’’ - നസ്റുദ്ദീൻ പറഞ്ഞു.
കയ്‌പമംഗലത്ത് മെഡിക്കൽ സ്റ്റോർ നടത്തുന്ന റെജി ശബ്ദം കേട്ടാണ് വീട്ടിൽനിന്ന് ഓടിച്ചെന്നത്. റെജിയും നാട്ടുകാരും ചേർന്ന് ലോറി ഡ്രൈവറെ കൊണ്ട് ലോറി മുന്നോട്ട് എടുപ്പിച്ച് വണ്ടിയിൽ ഉള്ളവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. ആംബുലൻസുകാരെയും പോലീസിനെയും വിവരമറിയിച്ചതും ഇവർ തന്നെയാണ്. ‘‘ചരക്കുലോറികൾ റോഡിൽ നിരയായി പാർക്ക് ചെയ്തിരുന്നതിനാൽ കാറിൽ ഉണ്ടായിരുന്നവർക്ക് ദിശാസൂചന കാണാൻ കഴിഞ്ഞില്ല. രാത്രി ഒമ്പതര വരെ ചെറിയ വാഹനങ്ങൾക്കായി തുറന്നിരുന്ന റോഡ് അതിനുശേഷമാണ് അടച്ചത്. ദേശീയപാതാ നിർമാണ തൊഴിലാളികൾ അവർക്ക് തോന്നുംപോലെയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. സ്ഥിരമായി പോകുന്നവർക്ക് പോലും ദേശീയപാതയിലൂടെ വണ്ടിയോടിക്കുക ബുദ്ധിമുട്ടാണ് ’’ -റെജി പറയുന്നു.
Content Highlights: Eight students lost their lives after their car collided with a parked lorry in Kaipamangalam, Thrissur, leading to intensive local rescue operations and a police investigation.