ചിരിച്ച് സംസാരിച്ച മുഖങ്ങൾ, അവർ ഇനി എത്രപേർ... തൃശ്ശൂരിൽ സങ്കടപ്പൂരം

തൃശ്ശൂർ: ''ചേച്ചീ ഞങ്ങളോടൊന്നും ചോദിക്കാനില്ലേ...'' വെടിക്കെട്ടുപുരയിലെ അവസാന തയ്യാറെടുപ്പുകൾ കണ്ടു മടങ്ങുമ്പോൾ പാടിയിൽ മരുന്നു നിറയ്ക്കുന്ന ചെറുപ്പക്കാരിലൊരാൾ വിളിച്ചുചോദിച്ചത് ഇപ്പോഴും ചെവിയിലുണ്ട്. മണിക്കൂറുകൾക്കകം അപകടവാർത്തയറിഞ്ഞ് അങ്ങോട്ടുതന്നെ മടങ്ങുമ്പോൾ വലിയ അപകടമൊന്നും ഉണ്ടാവരുതെന്നു മാത്രമായിരുന്നു മനസ്സിൽ.
നേരത്തേ പരിചയപ്പെട്ട പലമുഖങ്ങളും മനസ്സിലൂടെ ഓടി. കുട്ടംകുളത്തെ പാടത്തേക്കിറങ്ങിയപ്പോൾ പക്ഷേ, പ്രതീക്ഷയറ്റു. ഏതാനും സമയംമുൻപ് ഞാനുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരോട് ചിരിച്ചു സംസാരിച്ചവർ ആളിക്കത്തുന്ന തീയിൽ... അഗ്‌നിരക്ഷാസേനയ്ക്ക് അപ്പോഴും വെടിപ്പുരകൾക്ക് അടുത്തേക്ക് എത്താനായിരുന്നില്ല.
അപ്പോഴാണ് അടുത്ത വീട്ടിൽ വേലൂർ സ്വദേശി ഒലക്കേങ്കൽ വിൽസൻ തളർന്നിരിക്കുന്നതു കണ്ടത്. രാവിലെ വെടിക്കെട്ടിൽ കാലംവരുത്തിയ മാറ്റങ്ങൾ, 49 വർഷമായി ഈ രംഗത്തുള്ള അദ്ദേഹം തിരക്കിനിടയിലും വിശദീകരിച്ചിരുന്നു. സ്ത്രീകൾ വിൽസന്റെ ഒപ്പമായിരുന്നു ഓലപ്പടക്കത്തിനുള്ള തിരി തയ്യാറാക്കിക്കൊണ്ടിരുന്നത്. ഓരോരുത്തരുടെയും പേരെടുത്തു ചോദിക്കാൻമാത്രം കുറഞ്ഞസമയംകൊണ്ട് ആ ആറു സ്ത്രീകളുമായും പരിചയത്തിലായിരുന്നു. അവരെല്ലാം സുരക്ഷിതരാണെന്ന വിൽസന്റെ വാക്കുകൾ വേദനയ്ക്കിടയിലും ആശ്വാസം പകർന്നു. പക്ഷേ, അവരിൽ മൂന്നുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും അതിലൊരാൾ അതിഗുരുതരാവസ്ഥയിലാണെന്നും പിന്നീടറിഞ്ഞു.
പേടിച്ചിട്ട് കാര്യമില്ല, അറിയാവുന്ന തൊഴിലല്ലേ
''പേടിച്ചിട്ട് കാര്യമില്ല. അറിയാവുന്ന തൊഴിലല്ലേ''യെന്നായിരുന്നു പേടിയില്ലേയെന്ന എന്റെ ചോദ്യത്തിന് നെല്ലിക്കൽ പ്രേമ (73) ചിരിയോടെ പറഞ്ഞത്. മണിക്കൂറുകൾക്കിപ്പുറം ദുരന്തം തങ്ങളെ തേടിയെത്തുമെന്നറിയാതെയുള്ള ആത്മധൈര്യം... ദുരന്തമുണ്ടാവും മുൻപേ അവർ ജോലിതീർത്ത് മടങ്ങിയെന്നാണറിയുന്നത്. 33 വർഷംമുൻപൊരു വെടിക്കെട്ട് അപകടത്തിലാണ് പ്രേമയ്ക്ക് ഭർത്താവ് വേലായുധനെ നഷ്ടമായത്. ആദ്യം പതറിയെങ്കിലും ജീവിതം തുടരാൻ ഈ ജോലിയിലേക്ക് തിരികെയെത്തുകയായിരുന്നു. ഇപ്പോൾ 52 വർഷമായി. ഇതിനിടെ ഒരുതവണ ചെറുതായി പൊള്ളലേറ്റിട്ടുണ്ട്. 21-ാം വയസ്സിൽ വിവാഹിതയായി എത്തിയതോടെയാണ് പടക്കമേഖലയിലേക്ക് എത്തുന്നത്. പേടിയുണ്ടായിരുന്നെങ്കിലും ഭർത്താവ് കൂടെയുള്ളതായിരുന്നു ധൈര്യം. 'ഇനി വേണ്ടമ്മേ'യെന്ന മക്കളുടെ ഏറെക്കാലത്തെ സ്‌നേഹനിർബന്ധത്തിന് വഴങ്ങുന്നെന്നു പറഞ്ഞാണ് പ്രേമ സംസാരം നിർത്തിയത്. ഇത്തവണത്തോടെ ഈ ജോലി നിർത്താനുള്ള തീരുമാനം അവരുടെ വാക്കുകളിലുണ്ടായിരുന്നു.
പാരമ്പര്യമായി വെടിക്കെട്ടുജോലികൾ ചെയ്യുന്ന കുണ്ടന്നൂർ കോട്ടയിൽ വീട്ടിൽ അനിത പരിക്കേറ്റ് ആശുപത്രിയിലാണ്. സഹോദരങ്ങളിലൊരാളായ സുന്ദരാക്ഷൻ വെടിക്കെട്ടപകടത്തിലാണ് മരിച്ചതെന്ന് അനിത പറഞ്ഞതോർക്കുന്നു.
അവരിലാരൊക്കെ...
രാവിലെ ഞങ്ങളെത്തുമ്പോൾ സാംപിളിനുള്ള ഗുണ്ടും കുഴിമിന്നലും അമിട്ടും ഓലപ്പടക്കവും പാടികളുമെല്ലാം അവിടെ വിവിധ ഷെഡുകളിലായി ഒരുങ്ങുകയായിരുന്നു. പല വലുപ്പത്തിലുള്ള ഗുണ്ടുകളൊരുക്കുന്നു ഒരുസംഘം. സംസാരിക്കാൻപോലും സമയമില്ലാതെ തിരക്കിലായിരുന്നു അവർ. പാലക്കാട് പത്തിരിപ്പാല സ്വദേശി സുന്ദരൻ പനയോല മടക്കി മരുന്നുനിറച്ച് തിരിവെച്ച് ഒന്നിനുപിന്നാലെ ഒന്നായി ഓലപ്പടക്കം കെട്ടുകയായിരുന്നു. പ്രത്യേക വേഗത്തിലും താളത്തിലും അത് ചെയ്യുന്നതിനിടെയും സുന്ദരൻ ക്ഷമയോടെ കരിമ്പനയോല ഒരുക്കുന്ന വിധമൊക്കെ പറഞ്ഞുതന്നു. ദിവസം നാലായിരം ഓലപ്പടക്കം കെട്ടാൻവരെ മിടുക്കനാണ് സുന്ദരൻ. ആ ചെറുപ്പക്കാരൻ സുരക്ഷിതനാണോ എന്ന് ഇതെഴുതുമ്പോഴും നിശ്ചയമില്ല.
കുണ്ടന്നൂർ സ്വദേശി എഴുത്തുപുരയ്ക്കൽ രാജൻ ഓലപ്പടക്കങ്ങൾകൊണ്ട് മാലകെട്ടുന്ന തിരക്കിലായിരുന്നു. എടപ്പാളിൽനിന്നെത്തിയ പള്ളിയാലിൽ മണികണ്ഠനും മണ്ടകപറമ്പിൽ ഹിമേഷും മാടിപ്പുറത്ത് വാസുദേവനും ചോങ്ങലറ്റയിൽ വിജയനും ടൈമറുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധയോടെ ജോലിചെയ്യുന്നതു കണ്ടു. സമീപം ശ്രീക്കുട്ടൻ അമിട്ടിൽ നിറങ്ങൾ നിറയ്ക്കുന്നുണ്ട്. ശബ്ദവിന്യാസത്തിന്റെ ഗതിമാറ്റുന്ന പാടികളൊരുക്കുകയായിരുന്നു മതിലകം വാക്കാട് ഹരിയപ്പോൾ. ഇവരിൽ ആരൊക്കെ ഇനി...?
വൻ സ്‌ഫോടനം... 14 മരണം...
തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ വൻ സ്‌ഫോടനം. 14 മരണം. 12 പേർ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ അഞ്ചുപേർക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്‌ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടർന്നു.
അഗ്‌നിരക്ഷാസേനയടക്കമുള്ള രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് ഏറെനേരം അടുക്കാനായില്ല. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. 500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണു.
തൃശ്ശൂർ നഗരത്തിൽനിന്ന് 18 കിലോമീറ്ററകലെ മുണ്ടത്തിക്കോട് പാതിരിക്കോട് ക്ഷേത്രത്തിന് സമീപം കുട്ടംകുളം പാടശേഖരത്തിന് നടുവിലുള്ള അഞ്ചരയേക്കർ ഒഴിഞ്ഞ പറമ്പിലാണ് വെടിക്കെട്ടുശാല പ്രവർത്തിച്ചിരുന്നത്. ആദ്യം തുടർച്ചയായ രണ്ട് വൻ സ്‌ഫോടനമാണുണ്ടായത്. കിലോമീറ്ററുകളോളം അകലേക്ക് ശബ്ദം കേട്ടു.
ഭൂകമ്പമാണെന്ന് കരുതിയ നാട്ടുകാർ പരിഭ്രാന്തരായി. പിന്നീട് പൊട്ടിത്തെറികൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന 12 ഷെഡ്ഡുകളും അതിലുണ്ടായിരുന്ന വെടിക്കോപ്പുകളും പൂർണമായി കത്തിയമർന്നു.
മുണ്ടത്തിക്കോട് സ്വദേശി സതീഷായിരുന്നു വെടിക്കെട്ട് ലൈസൻസി. ഇദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 24-ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനുള്ള സാമഗ്രികൾ ഏതാണ്ട് പൂർണമായി ഇവിടെ തയ്യാറാക്കി സൂക്ഷിച്ചിരുന്നു. പൂരം വെടിക്കെട്ടിനായി തയ്യാറാക്കിയ വെടിക്കോപ്പുകളും ഉണ്ടായിരുന്നു. ഇതാണ് ഇത്ര കനത്ത സ്ഫോടനത്തിന് കാരണമായത്.
വെടിക്കെട്ടുശാലയിൽ 35 പേർക്കുള്ള ഭക്ഷണമാണ് ചൊവ്വാഴ്ച എത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇത്രയുംപേർ സംഭവസ്ഥലത്തുണ്ടായിരുന്നതായി കരുതുന്നു. ഇതിൽ ചിലർ ഓടിരക്ഷപ്പെട്ടിട്ടുണ്ട്. തങ്ങാലൂർ പള്ളിപ്പെരുന്നാൾ ആയതിനാൽ കുറച്ച് പണിക്കാർ അവധിയിലായിരുന്നു. സമീപത്തെ 50 വീടുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനൽച്ചില്ലുകളും മറ്റും പൊട്ടിത്തെറിച്ച് വീടുകളിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.
തിരിച്ചറിഞ്ഞത് മൂന്നുപേരെ മാത്രം...
വെടിക്കെട്ടുപുരയിലെ അപകടത്തിൽ മരിച്ചവരിൽ മൂന്നുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. പാലക്കാട് കുമരനല്ലൂർ മാടിപ്പുറത്ത് വീട്ടിൽ വാസുദേവൻ, തൃശ്ശൂർ കുണ്ടന്നൂർ മുതുക്കാട്ടിൽ വീട്ടിൽ സുവിൻ, പഴയന്നൂർ വെന്നൂർ പറക്കുണ്ടിൽ സുദർശനൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
Content Highlights: A massive fireworks explosion in Mundathikode, Thrissur resulted in 14 confirmed fatalities., The incident occurred at a manufacturing site preparing materials for the 2026 Thrissur Pooram., Rescue operations were hampered by continuous secondary explosions across the 5.5-acre site., Over 50 nearby houses suffered structural damage, including shattered windows., Authorities are conducting investigations into the safety protocols of the licensed facility.