മനുഷ്യർ കഷണങ്ങളായി; ആരുടേതെന്നറിയാത്ത ശരീരഭാഗങ്ങൾ, പലയിടത്തും ചിതറിവീണ ശരീരാവശിഷ്ടങ്ങൾ

തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹങ്ങൾ എത്തിക്കുന്നു
തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹങ്ങൾ എത്തിക്കുന്നു

തൃശ്ശൂർ മാതൃഭൂമി ഓഫീസിൽ നിന്ന് ചീഫ്‌റിപ്പോർട്ടർ വിളിക്കുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ''ഉടൻ മെഡിക്കൽ കോളേജിലേക്കു ചെല്ലണം. വലിയൊരു അപകടമുണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ അവിടേക്കു കൊണ്ടുവരും.'' മെഡിക്കൽകോളേജിലേക്കെത്തുമ്പോൾ ആംബുലൻസുകൾ നിരനിരയായി എത്തിക്കൊണ്ടിരുന്നു. കൂടുതൽ ആംബുലൻസുകൾ അപകടസ്ഥലത്തേക്കു കുതിക്കുന്നു. അതിനിടെ വെടിക്കെട്ടപകടത്തെക്കുറിച്ച് വിവരം കിട്ടി.

ആംബുലൻസുകളുടെ വാതിൽ തുറന്നപ്പോൾ ഒരു നിമിഷം അറിയാതെ കണ്ണുകൾ അടച്ചുപോയി. മനുഷ്യർ കരിക്കട്ടകൾപോലെ. ചിലരിൽ ജീവന്റെ തുടിപ്പുകൾ... പരന്നൊഴുകുന്ന ചോര. ആരുടേതെന്നറിയാത്ത ശരീരഭാഗങ്ങൾ... പൂർണരൂപത്തിൽ ഏഴു ശരീരങ്ങൾ. ബാക്കിയെല്ലാം കഷണങ്ങളായിരുന്നു. അവ യോജിപ്പിച്ച് മോർച്ചറിയിലേക്ക്. ജീവൻ തുടിക്കുന്നവരെ ഐസിയുവിലേക്ക് മാറ്റി. മോർച്ചറിക്കു പുറത്ത് ഷെഡ്ഡ് കെട്ടിയായിരുന്നു പോസ്റ്റ്മോർട്ടം.

സൂപ്രണ്ട് ഡോ.എം. രാധികയുടെ നേതൃത്വത്തിൽ മുതിർന്ന ഡോക്ടർമാരും പി.ജി. ഡോക്ടർമാരും ജീവനക്കാരുമെല്ലാം ചേർന്ന വൻ സംഘം ജാഗ്രതയോടെ കാര്യങ്ങൾ പൂർത്തിയാക്കി. അപ്പോഴും പരിക്കേറ്റവരെയുംകൊണ്ട് ആംബുലൻസുകൾ വന്നുകൊണ്ടേയിരുന്നു...

വൻ സ്‌ഫോടനം. തുടർച്ചയായി പ്രകമ്പനങ്ങൾ. മിനിറ്റുകൾക്കകം മുണ്ടത്തിക്കോട് കുണ്ടുപറമ്പ് പാടത്ത് വെടിക്കെട്ടുസാമഗ്രികൾക്ക് തീപിടിച്ച വാർത്ത കാട്ടുതീപോലെ പടർന്നു. അഗ്‌നിരക്ഷാ വാഹനങ്ങളും മേഖലയിലെ ആംബുലൻസുകളും പോലീസ് വാഹനങ്ങളും പ്രദേശത്തേക്ക് കുതിച്ചെത്തി. ഒപ്പം സമീപവാസികളായ ആയിരങ്ങളും. പക്ഷേ, ഒരാൾക്കും പ്രദേശത്തേക്ക് അടുക്കാനായില്ല.

രണ്ടു മണിക്കൂർ കുഴിമിന്നലും ഡൈനയും ഗുണ്ടും അമിട്ടുമെല്ലാം പൊട്ടിക്കൊണ്ടേയിരുന്നു. അപകടസ്ഥലത്തെ ഷെഡ്ഡുകളിലാണ് സാമ്പിളിനുള്ള സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. ആദ്യത്തെ രണ്ട് സ്‌ഫോടനത്തിൽ ഷീറ്റുമേഞ്ഞ ഷെഡ്ഡുകളെല്ലാം അപ്രത്യക്ഷമായി. ചിതറിവീണ ശരീരാവശിഷ്ടങ്ങളായിരുന്നു പലയിടത്തും. വെടിക്കെട്ടുലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ള, പൊള്ളലേറ്റവരുമായി മെഡിക്കൽ കോളേജിലേക്ക് ആംബുലൻസ് കുതിച്ചു.

വേലൂർ സ്വദേശി വിഷ്ണു രക്ഷപ്പെട്ടത് വെള്ളച്ചാലിലേയ്ക്കു ചാടിയാണ്. ജനപ്രതിനിധികളടക്കം നാട്ടുകാരും സജ്ജരായി നിന്നു. വടക്കാഞ്ചേരി നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ കുടിവെള്ളം വിതരണംചെയ്തിരുന്ന മിനി ടാങ്കർ ലോറികളെല്ലാം സ്ഥലത്ത് കുതിച്ചെത്തി. മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചപ്പോഴേക്കും നേരം ഇരുട്ടി.

പോലീസും റവന്യൂ-ആരോഗ്യ ഉദ്യോഗസ്ഥരും ദുരന്തഭൂമിയിൽ കൈകോർത്ത് അപകട സ്ഥലത്തേക്കു കടക്കുന്നവരുടെ നീക്കം തടഞ്ഞു. ഗത്യന്തരമില്ലാതെയായതോടെ പോലീസ് വടംകെട്ടി നിയന്ത്രിച്ചു. ജില്ലാ ഭരണകൂടവും പോലീസും അഗ്‌നി രക്ഷാ സേനയും രാത്രിയിലും ക്യാമ്പുചെയ്ത് പരിശോധന തുടർന്നു.

Content Highlights: First-hand account of the 2026 Thrissur fireworks explosion response., Details on the emergency medical procedures at Thrissur Medical College., Coordination efforts by district administration, police, and fire services., Overview of the rescue operations and scene at the blast site.