തൃക്കാക്കരയില്‍ ചുവരെഴുതി മായ്‌ക്കേണ്ടി വന്നത് തിരിച്ചടി;നേതാക്കള്‍ വീഴ്ച; CPM അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന് കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. തൃക്കാക്കരയിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് കൈമാറി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് ചുവരെഴുതി മായ്‌ക്കേണ്ടി വന്നത് തിരിച്ചടിയായി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍ എന്നീ രണ്ടംഗ കമ്മിഷനെ സി.പി.എം. നിയോഗിച്ചിരുന്നു. ഈ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറി. തുടര്‍ന്ന് സംസ്ഥാന നേതൃത്വം എറണാകുളം ജില്ലാ കമ്മിറ്റിക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ ചുവരെഴുതുകയും അത് മായ്‌ക്കേണ്ടിയും വന്ന സാഹചര്യമുണ്ടായത് വലിയ തോല്‍വിക്ക് കാരണമായെന്നാണ് കമ്മിഷന്‍ വിലയിരുത്തല്‍. സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാണ് എന്ന തരത്തിലായിരുന്നു ചുവരെഴുത്തുകള്‍. പിന്നീട് ഇത് മായ്‌ക്കേണ്ടി വന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. പാര്‍ട്ടിയില്‍ ഇത്തരത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആദ്യ ഘട്ടത്തിലുണ്ടായ ഈ അനിശ്ചിതത്വം തോല്‍വിക്ക് കാരണമായോ എന്നും ഇനി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് വിലയിരുത്തും.
തൃക്കാക്കരയില്‍ അവിശ്വസനീയമായ പരാജയമാണ് ഉണ്ടായതെന്നാണ് ഫലപ്രഖ്യാപനത്തിന്റെ ഉടനെ ജില്ലാ സെക്രട്ടറി സ.എന്‍. മോഹനന്‍ പ്രതികരിച്ചിരുന്നത്. ഇത്തരത്തില്‍ ഒരു പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും വിവിധ വകുപ്പു മന്ത്രിമാരുമുള്‍പ്പെടെ തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിട്ടും എല്‍.ഡി.എഫിന് മണ്ഡലത്തില്‍ കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഉമാ തോമസ് വലിയ ഭൂരിപക്ഷത്തോടെയാണ് തന്റെ കന്നി പ്രവേശം സാധ്യമാക്കിയത്.
Content Highlights: thrikkakkara by election, party commission report