വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് കൂടി ലൈസന്‍സ്

കല്‍പ്പറ്റ: വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് കൂടി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി. കല്‍പ്പറ്റയില്‍ ഒന്നും ബത്തേരിയില്‍ രണ്ട്  ബാറുകള്‍ക്കുമാണ് ലൈസന്‍സ് നല്‍കിയത്. ലോക്ക് ഡൗണിന് ശേഷം മറ്റ് ബാറുകള്‍ക്കൊപ്പം ഇവയും തുറന്നുപ്രവര്‍ത്തിക്കും.

നിലവില്‍ ആറ് ബാറുകളും ആറ് ബിയര്‍ പാര്‍ലറുകളും ബെവ്‌കോയുടെ അഞ്ച് മദ്യശാലകളുമാണ് വയനാട്ടിലുള്ളത്. ഇതിനു പുറമേയാണ് മൂന്ന് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കിയത്. 

മാര്‍ച്ച് 13ന് നിയമസഭാസമ്മേളനം കഴിഞ്ഞതിനുശേഷമാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. 

ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ തടസമില്ലെന്നും സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ലൈന്‍സ് നല്‍കിയതെന്നുമാണ് വിശദീകരണം.

അതേസമയം ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സര്‍ക്കാരിന്റെ നടപടി പ്രതിഷേധകരമാണെന്ന് വിഎം സുധീരന്‍ പ്രതികരിച്ചു. ലോക്ക് ഡൗണില്‍ ബാറുകള്‍ അടച്ചിട്ടാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്. ലോക്ക് ഡൗണിന് ശേഷം കേരളത്തിലെ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. ആളുകള്‍ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു. ഈ സമയത്ത് പുതിയ മദ്യനയത്തിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് പ്രതിരോധത്തിനുവേണ്ടിയാണ് നിയമസഭ നിര്‍ത്തിവെച്ചത്. ഇതിനുശേഷമാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്ന് അറിയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അജണ്ട എന്താണെന്ന് മനസ്സിലാവും  ടിഎന്‍ പ്രതാപന്‍ എംപി പ്രതികരിച്ചു. 

Content Highlights: