'സരോവരത്തെ കാഴ്ചകൾ നേരിൽക്കണ്ടപ്പോൾ അങ്ങനെയൊരു പാർക്ക് നിർമിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി'

കോഴിക്കോട്: സരോവരം ബയോപാർക്കിലെ കാഴ്ചകൾ നേരിൽക്കണ്ടപ്പോൾ അങ്ങനെയൊരു പാർക്ക് നിർമിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി സ്ഥലം എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ. ഓപ്പൺ ഫോറം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവർ കാണുമെന്ന ചിന്തപോലുമില്ലാതെയാണ് ചിലർ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ മനസ്സ് മനസ്സിലാക്കി പെരുമാറാൻ പൊതുസമൂഹത്തിനും ഉദ്യോഗസ്ഥർക്കും സാധിച്ചാൽ സരോവരത്തെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും ചൈൽഡ് ലൈനിൽ വിവരമറിയിച്ച് ഇതിൽ ഗൗരവമായി ഇടപെടാൻ സാധിക്കുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൾ നസർ പറഞ്ഞു.
കുട്ടികൾ ലഹരിയിലേക്ക് പോകുന്നതിലെ കാരണം തിരിച്ചറിഞ്ഞ് പരിഹരിക്കാനാകണം - ഡോ. ടോം വർഗീസ്
കുട്ടികൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടാനും അതിന് അടിമപ്പെടാനും നമ്മൾ തിരിച്ചറിയാതെപോകുന്ന ചില കാരണങ്ങളുണ്ടാകാമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടോം വർഗീസ്. അത് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ കുടുംബവും സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായി കെപിഒഎ ‘ലഹരി-ഉന്മാദം-ക്രമസമാധാനം’ എന്നവിഷയത്തിൽ സംഘടിപ്പിച്ച ‘കൈകോർക്കാം യുവതയ്ക്കായി’ ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിലെ മനഃസമാധാനക്കുറവ്, അച്ഛന്റെ നോട്ടക്കുറവ്, പഠനവൈകല്യം, എഡിഎച്ച്ഡിയുള്ള കുട്ടികൾ എന്നിവരാണ് കൂടുതലും ലഹരിയിലേക്കെത്തുന്നത്. എന്നാൽ, ഈ കൂട്ടരെല്ലാം വ്യക്തിപരമായി ഈ ലഹരിയുടെ കുടുക്കിൽനിന്ന് മോചിതരാകാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നവരാണ്. സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും വിമർശനങ്ങൾമാത്രം നേരിടുന്നതോടെ സമ്മർദം കൂടി ഇവർക്ക് തിരിച്ചുവരവ് ക്ളേശകരമാകുന്നെന്നും ഡോ. ടോം അഭിപ്രായപ്പെട്ടു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഓപ്പൺ ഫോറം ഉദ്ഘാടനംചെയ്തു. സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ മുഖ്യാതിഥിയായി. കെപിഒഎ ജില്ലാകമ്മിറ്റിയംഗം പി.ആർ. രഗീഷ് മോഡറേറ്ററായി.
ഡിസിപി അരുൺ കെ. പവിത്രൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൾ നസർ, അസി. കമ്മിഷണർ എ. ഉമേഷ്, അധ്യാപകൻ ഇ.എം. രാധാകൃഷ്ണൻ, മാധ്യമപ്രവർത്തക ഷിദ ജഗത്ത്, കെപിഒഎ ജില്ലാപ്രസിഡന്റ് കെ.കെ. ആഗേഷ്, ട്രഷറർ പി.പി. ഷിബു, ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ, മാജി ഡി. റൊസാരിയോ, കെപിഎ സംസ്ഥാന ട്രഷറർ ജി.പി. അഭിജിത്ത് എന്നിവർ സംസാരിച്ചു.
Content Highlights: Thottathil Ravindran on sarovaram bio park open forum