നോട്ടീസയച്ചത് ഭൂമി വാങ്ങിയത് ചോദിച്ച്, ഭൂമി വാങ്ങുകയല്ല, ഏറ്റെടുക്കുക മാത്രമാണ് ചെയ്തത്, പിന്നിൽ രാഷ്ട്രീയം-ഐസക്

തോമസ് ഐസക്ക്, പിണറായി വിജയന്‍| Photo: Mathrubhumi
തോമസ് ഐസക്ക്, പിണറായി വിജയന്‍| Photo: Mathrubhumi

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുകപടലം സൃഷ്ടിക്കുക എന്ന ലക്ഷ്യംവെച്ചാണ് കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്കും തനിക്കുമുള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചതെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഇതിനൊക്കെ താളംപിടിക്കാനായി യുഡിഎഫ് നേതാക്കള്‍ ഇറങ്ങുന്നതാണ് സങ്കടകരം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ കള്ളക്കേസെടുത്ത ദിവസം തന്നെയാണ് ഇതും പുറത്തുവരുന്നത്. ഇനിയെങ്കിലും ബിജെപിയുടെയും കേന്ദ്ര ഏജന്‍സികളുടേയും ഇടപെടലുകളുടെ ദുഷ്ടലാക്ക് മനസ്സിലാക്കി രാഷ്ട്രീയ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

മസാല ബോണ്ട് വഴിയെടുക്കുന്ന ഫണ്ട് ഭൂമി വാങ്ങാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു പറഞ്ഞാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കടക്കം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കിഫ്ബിക്ക് മസാല ബോണ്ട് എടുക്കാന്‍ അവകാശമുണ്ടോ എന്ന് തേടിയായിരുന്നു നേരത്തേ വിളിച്ചിരുന്നത്. ഇപ്പോള്‍ അതില്‍ തെറ്റില്ലെന്നാണ് ഇഡിയുടെ നിലപാട്. മറിച്ച്, ഭൂമി വാങ്ങിയത് നിയമവിരുദ്ധമാണെന്നാണ് പുതിയ നോട്ടീസിലുള്ളത്. അന്ന് ഭൂമി വാങ്ങിയിട്ടില്ല, പകരം ഏറ്റെടുക്കുകയാണ് ചെയ്തത്. വാങ്ങലും ഏറ്റെടുക്കലും രണ്ടാണ്. എന്നു മാത്രമല്ല, ഈ ഭൂമിയേറ്റെടുക്കുന്ന സമയത്ത് ഭൂമി വാങ്ങാന്‍ പാടില്ല എന്ന നിബന്ധന ആര്‍ബിഐ മാറ്റിയിട്ടുള്ളതുമാണ്. പ്രഥമദൃഷ്ട്യാതന്നെ തള്ളിക്കളയാവുന്ന ഈ കാര്യവും വെച്ചാണ് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചതെന്നും ഐസക്ക് പറഞ്ഞു.

മസാല ബോണ്ടിന് അനുവാദം നല്‍കുന്നത് ആര്‍ബിഐയാണ്. ആര്‍ബിഐയുടെ അംഗീകാരത്തോടെയാണ് എല്ലാ നടപടികളും സ്വീകരിച്ചത്. ഇതെല്ലാം വ്യക്തമാക്കിയിട്ടും ഹാജരാവണമെന്ന് പറഞ്ഞാണ് ഇഡി മുന്‍പും നോട്ടീസയച്ചിരുന്നത്. അന്ന് തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍, ഡയറക്ടറായ കമ്പനികളുടെ വിശദാംശങ്ങള്‍, വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവയെല്ലാം ചോദിച്ചായിരുന്നു നോട്ടീസ്. ഇതെല്ലാം എന്തിനാണെന്ന് ചോദിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ രേഖകളുടെ എണ്ണം കുറച്ച് വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടു. എന്തിനാണ് വിളിപ്പിക്കുന്നതെന്ന് ചോദിച്ചുകൊണ്ട് വീണ്ടും ഹര്‍ജി നല്‍കിയപ്പോള്‍ ആ ചോദ്യം ന്യായമാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ഇതുവരെ അതിനു മറുപടി നല്‍കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ് കിഫ്ബി. അത്രമേല്‍ പണമിടപാട് നടത്തുന്ന വിഷയത്തില്‍ അന്വേഷണം നടത്തിയാല്‍ എന്തെങ്കിലുമൊക്കെ തടയുമെന്ന് വിചാരിച്ചാണ് ഒരര്‍ഥവുമില്ലാത്ത നോട്ടീസുകള്‍ അയച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: Thomas Isaac Alleges Political Motivation Behind ED Summons in KIIFB Masala Bond Case