'ഒരു കാരണവുമില്ലാതെ അത് ചെയ്യുമോ?'; ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്തതിൽ തിരുവഞ്ചൂർ

#ന്യൂസ് ഡെസ്ക്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും (ഫയൽ ചിത്രം) | Photo: മാതൃഭൂമി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും (ഫയൽ ചിത്രം) | Photo: മാതൃഭൂമി

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ മനസ്സു തുറന്ന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ആഭ്യന്തരമന്ത്രിയും സ്പീക്കറുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജോപ്പന്റെ അറസ്റ്റ് താൻ അറിഞ്ഞിരുന്നില്ല. എന്നാൽ വ്യക്തമായ കാരണം ഉള്ളതുകൊണ്ടാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് എത്തിയ ഉടൻ തന്നെ വിമാനത്താവളത്തിൽ വെച്ച് ഇക്കാര്യം അദ്ദേഹത്തെ രണ്ട് ഡിജിപിമാർ നേരിട്ട് ചെന്ന് വിവരം ബോധിപ്പിച്ചിരുന്നു- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേകാഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കാരണമുള്ളത് കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് ഇപ്പോഴും ഞാൻ പറയുന്നു. സംഭവം കഴിഞ്ഞ് ഒരു ദശാബ്ദത്തിന് ശേഷം അക്കാര്യത്തിൽ എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിമുഖത്തിൽ നിന്ന്;

?താങ്കൾ അഭ്യന്തര മന്ത്രി ആയിരുന്ന സമയത്ത് പ്രധാനപ്പെട്ട ഒരു കേസ് ആയിരുന്നു സോളാർ കേസ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിദേശത്തായിരുന്നപ്പോഴാണ് പേഴ്സണൽ സ്റ്റാഫ് ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട് പിന്നീട് ഉമ്മൻ ചാണ്ടി എന്തെങ്കിലും സംസാരിച്ചിരുന്നോ?

= അതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി സംസാരിച്ചിട്ടില്ല. ജോപ്പന്റെ അറസ്റ്റിന് ശേഷം ഉമ്മൻ ചാണ്ടിയുടെ അടുത്ത് രണ്ട് ഡിജിപിമാരെ ഞാൻ തന്നെ ആദ്യം പറഞ്ഞുവിട്ടു. അദ്ദേഹം വരുന്ന സമയത്ത് കാത്തിരുന്ന് അദ്ദേഹത്തോട് ഇക്കാര്യം പറയണമെന്നും ആവശ്യപ്പെട്ടു. അന്വേഷണച്ചുമതലയുടെ മേൽനോട്ടം നിലവിൽ ആഭ്യന്തരമന്ത്രിയുടെ പോലീസ് അഡ്വൈസറായ ഹേമചന്ദ്രനും സെൻകുമാറിനുമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ അടുത്ത് കാര്യങ്ങളെല്ലാം വിശദീകരിക്കണമെന്ന് ഇരുവരോടും പറഞ്ഞു. ഇരുവരും ചെന്ന് കാര്യങ്ങൾ വിശദീകരിച്ചു. ഉമ്മൻ ചാണ്ടി അതിൽ തൃപ്തനാണെന്ന് പറഞ്ഞു.

വിമാനത്താവളത്തിൽ വെച്ച് വരുന്ന വഴിക്കാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഞാൻ തന്നെ പിന്നീട് ഈ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. പറയാവുന്ന കാര്യങ്ങളേ ഇന്നും ഞാൻ പറയാവൂ. പറയരുതാത്ത കാര്യങ്ങൾ പറയുന്നത് ശരിയല്ല. പിടിക്കണമെങ്കിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും. വെറുതെ വഴിയെ പോകുന്നവരെ കൈകൊട്ടി നീ ഇങ്ങോട്ട് കേറിക്കോ എന്ന് പറയാൻ പറ്റോ? എന്നെ പോലെ ഒരാൾ ആ കാരണമില്ലാതെ സമ്മതിക്കുന്ന പ്രശ്നമുണ്ടോ?

ജോപ്പനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഹേമചന്ദ്രൻ ഞാനുമായി സംസാരിച്ചിട്ടില്ല. എന്നാൽ, അറസ്റ്റിന് ശേഷം ഹേമചന്ദ്രനോട് ഞാൻ ക്ഷോഭിച്ച് സംസാരിച്ചു. ഇതുകേട്ടപ്പോൾ എനിക്ക് ഒരു ആഘാതമുണ്ടായി. ഹേമചന്ദ്രൻ എന്നോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചു. അതുകൊണ്ടാണ് ഇരുവരും ചെന്ന് ഉമ്മൻചാണ്ടിയോട് നേരിട്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറഞ്ഞത്.

ഇപ്പോഴും ഞാൻ പറയുന്നു, അങ്ങനെ ചെയ്യണമെങ്കിൽ എന്തെങ്കിലും ഒരു കാരണമുണ്ടാവില്ലേ? എന്താ കാരണമെന്ന് ആരും ചോദിച്ചില്ലാല്ലോ? ഉമ്മൻചാണ്ടിയുടെ മരണത്തിന് ഇത്രയും വർഷങ്ങൾ കഴിഞ്ഞതിന് ശേഷം, സംഭവം കഴിഞ്ഞ ഒരു ദശാബ്ദം കഴിഞ്ഞ് അതിനകത്ത് ഞാൻ എന്തെങ്കിലും പറയുന്നത് ശരിയാണോ? അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ എന്തെങ്കിലും കാരണമുണ്ടാകും.

?മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ആളെ അറസ്റ്റ് ചെയ്യുമ്പോൾ മുഖ്യമന്ത്രിയോട് പറയേണ്ടതായിരുന്നു

=എനിക്ക് ആ തോന്നൽ ഉണ്ടായിരുന്നു. എന്നാൽ ഹേമചന്ദ്രൻ എന്നോടും മുഖ്യമന്ത്രിയോടും പറഞ്ഞില്ല. 'അതുപറഞ്ഞാൽ എനിക്കത് ചെയ്യാൻ കഴിയാതെ വരുമോ' എന്ന സംശയമുണ്ടായതുകൊണ്ടാണെന്ന് പറയാത്തത് എന്ന് ഹേമചന്ദ്രൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതൊരു പോലീസ് ഓഫീസറുടെ സ്വാഭാവിക സംശയമാണ്. ചോദിച്ചാൽ അത് സമ്മതിച്ചില്ലെങ്കിലോ എന്ന ധാരണയുണ്ടായിരുന്നത് കൊണ്ടാണ് പറയാത്തത് എന്ന് ഹേമചന്ദ്രൻ എന്നോട് വിശദീകരിച്ചിട്ടുണ്ട്.

ഇത്രയും ഉന്നതരായ രണ്ട് പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ, കൃത്യതയോടെ കാര്യങ്ങൾ ചെയ്യുന്ന, ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുടെ അഡ്വൈസറായി വെക്കാൻ യോഗ്യതയുള്ള ഹേമചന്ദ്രൻ എന്തെങ്കിലും ഒരു കാരണമില്ലാതെ അങ്ങനെ ചെയ്യുമോ എന്നതാണ് എന്റെ മനസ്സിൽ- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Content Highlights: Thiruvanchoor clarifies he was not informed before Jopan's arrest., Two DGPs briefed Oommen Chandy at the airport upon his return., Thiruvanchoor asserts that police would not arrest without valid reasons., Hemachandran explained that informing prior might have hindered the investigation.